ന്യൂനപക്ഷ ഏകീകരണമുണ്ടായെന്ന് ഇടതുമുന്നണി വിലയിരുത്തൽ
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായെന്നും ഇതു യു.ഡി.എഫിന് അനുകൂലമായി മാറിയെന്നും ഇടതുമുന്നണി യോഗത്തിൽ വിലയിരുത്തൽ. ഇതു മുൻകൂട്ടി കാണാനായില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
കേരള കോൺഗ്രസ് പോലുള്ള പാർട്ടികളുടെ പരാജയത്തിൽ ഇതു പ്രധാനഘടകമായി. ഇതോടൊപ്പം പലഘടകങ്ങൾ കൂടി ചേർന്നതോടെയാണ് വലിയ തിരിച്ചടിയുണ്ടായത്. ഇതിന് പരിഹാരം കാണാൻ അടിയന്തര നടപടികളിലേക്ക് കടക്കണം. ജനങ്ങളിലേക്ക് മുന്നണി സംവിധാനം ഇറങ്ങിച്ചെല്ലണമെന്നും അഭിപ്രായം ഉയർന്നു. സർക്കാർ അഞ്ചു വർഷമായി നടപ്പാക്കിയ ക്ഷേമ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണ്. ഇത് ജനങ്ങളിലേക്ക് വേണ്ട വിധം എത്തിയില്ലെന്ന് സി.പി.ഐ വിമർശനം ഉന്നയിച്ചതായാണ് സൂചന. ബ്രാഞ്ച് തലം മുതൽ പരാജയ കാരണം പഠിക്കാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്. ഇതേ മാതൃകയിൽ മുന്നണിയിലെ മറ്റു പാർട്ടികളും പരാജയകാരണം താഴെതട്ടു മുതൽ വിലയിരുത്തൽ നടത്തണം. ഒരു മാസത്തിനുള്ളിൽ ഇതു പൂർത്തിയാക്കണമെന്നും ജൂൺ പതിനഞ്ചിന് ശേഷം മുഴുവൻ സമയ എൽ.ഡി.എഫ് യോഗം ചേർന്ന് ചർച്ച നടത്താനും തീരുമാനമായി.
തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷം തനിക്കെതിരെ നടക്കുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ലെന്ന് മുന്നണിയോഗത്തിൽ പിണറായി വിജയൻ പറഞ്ഞതായാണ് സൂചന. മുന്നണിയിലെ പാർട്ടികളെല്ലാം ഒറ്റക്കെട്ടായി നിന്നാൽ തിരിച്ച് വരാം. ഇത്തരത്തിൽ ജനങ്ങളുമായി ചേർന്ന് പ്രവർത്തനം നടത്തിയാൽ അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിൽ അതിശക്തമായി മുന്നണി തിരിച്ച് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിക്കണമെന്ന മറ്റു പാർട്ടികളുടെ നിർദ്ദേശം കൂടി കണക്കിലെടുത്താണ് പിണറായി വിജയൻ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച പ്രസ്താവന നടത്തിയതെന്നാണ് സൂചന. അതേസമയം 13, 14 തീയതികളിൽ സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ചേരും. തിരഞ്ഞെടുപ്പ് പരാജയവും ജില്ലാ കമ്മിറ്റി യോഗങ്ങളുമാണ് പ്രധാന അജണ്ട.