സി.പി.എം നേതൃത്വത്തിനെതിരെ കണ്ണൂരിൽ കമ്മ്യൂണിസ്റ്റ് കലാപം
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും നാടായ കണ്ണൂരിൽ നേതൃത്വത്തിനെതിരെ അണികളുടെ രോഷം. സംസ്ഥാന സെക്രട്ടറി
എം.വി. ഗോവിന്ദനെയും ജില്ല സെക്രട്ടറി കെ.കെ. രാഗേഷിനെയും മാറ്റണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകൾ പാർട്ടി ഗ്രാമങ്ങളിലാകെ പ്രത്യക്ഷപ്പെട്ടു. ജില്ലയിലെ പ്രമുഖ നേതാക്കളുടെ മൗനാനുവാദത്തോടെയാണ് പ്രാദേശിക തലങ്ങളിലെ രോഷ പ്രകടനങ്ങൾ. പൊതുമണ്ഡലത്തിൽ പാർട്ടിയുടെ തലകുനിപ്പിച്ച നേതൃത്വം മാറണമെന്നതാണ് കാതലായ ആവശ്യം. പാർട്ടിക്ക് ശക്തമായ വേരോട്ടമുള്ള ധർമശാല, ആന്തൂർ അടക്കം ഇത്തരമൊരു പരസ്യ വെല്ലുവിളി ഉയർന്നത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നതിനിടെ, പലയിടത്തും പോസ്റ്ററുകൾ കീറിക്കളഞ്ഞു.
ഒരു ലക്ഷം വോട്ടിന്റെ ചോർച്ച
2021 ൽ 11ൽ ഒമ്പത് മണ്ഡലങ്ങൾ നേടിയ കണ്ണൂരിൽ ഇക്കുറി എൽ.ഡി.എഫിന് ആറ് സീറ്റ് മാത്രമാണ് ലഭിച്ചത്. സി.പി.എം മത്സരിച്ച എട്ട് മണ്ഡലങ്ങളിൽ 2021ൽ 6,77,606 വോട്ട് ലഭിച്ചിരുന്നു. ഇക്കുറി അത് 5,92,820 ആയി ഇടിഞ്ഞു - 84,786 വോട്ടിന്റെ കുറവ്. യു.ഡി.എഫ് 4,09,888ൽ നിന്ന് 5,54,591 ആയി ഉയർന്നു. സി.പി.എമ്മിന്റെ കൊഴിഞ്ഞ വോട്ടുകൾ നേരിട്ട് യു.ഡി.എഫിലേക്ക് ഒഴുകി. ഏറ്റവും കൂടുതൽ വോട്ടുചോർച്ച നടന്നത് പയ്യന്നൂരിലും തളിപ്പറമ്പിലുമാണ്. രണ്ടിടത്തും സി.പി.എം വിമതർ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥികളായി ജയിച്ചു. ധർമടത്ത് വോട്ട് 95,522ൽ നിന്ന് 85,614 ആയി കുറഞ്ഞതും ചോർച്ചയുടെ ആഴം വ്യക്തമാക്കുന്നു.
രാഗേഷിന്റെ പോസ്റ്റിന് പൊങ്കാല
പരാജയ കാരണം വ്യക്തമാക്കാൻ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് നല്‍കിയ ഫേസ്ബുക്ക് പോസ്റ്റ് അണികളിൽ രോഷം ആളിക്കത്തിച്ചു. 'തിളക്കമാർന്ന വിജയം പ്രതീക്ഷിച്ചിരുന്നു" എന്ന പ്രതികരണം ക്ഷുഭിതരായ പ്രവർത്തകരിൽ നിന്ന് ശക്തമായ എതിർപ്പ് ക്ഷണിച്ചുവരുത്തി. 'മുകളിൽ നിന്ന് അയച്ചുതരുന്ന സർക്കുലറും വിശദീകരണവും തൊണ്ട തൊടാതെ വിഴുങ്ങുന്ന കാലം പോയി സഖാവേ. പയ്യന്നൂരും തളിപ്പറമ്പും മട്ടന്നൂരും ധർമടവുമൊക്കെ നിങ്ങൾക്കുള്ള ഷോക്ക് ട്രീറ്റ്‌മെന്റാണ്". ഇത്തരം കമന്റുകൾ ആ പോസ്റ്റിന് കീഴെ നിറഞ്ഞൊഴുകി. രാഗേഷിന്റെ നിയമനം പിണറായി വിജയന്റെ സ്വജനപക്ഷപാതത്തിന്റെ ഫലമാണ് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പയ്യന്നൂരിലെ പരാജിതനായ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.ഐ. മധുസൂദനൻ 'പാർട്ടിക്കകത്തും പുറത്തും നിന്ന് വേട്ടയാടൽ നടന്നു" എന്ന് ഫേസ്ബുക്കിൽ ആരോപിച്ചു. ഇതോടെ പാർട്ടി അനുഭാവികൾ തന്നെ 'അഹങ്കാരത്തിനേറ്റ തിരിച്ചടി" എന്ന് മറുപടിയുമായെത്തി. പി. ജയരാജൻ, എം.വി. ജയരാജൻ തുടങ്ങിയ മുതിർന്നനേതാക്കൾ ഇത്തരം വിമർശനങ്ങളെ പൂർണമായി തള്ളിപ്പറഞ്ഞിട്ടില്ല.