കണ്ണൂരിൽ പരീക്ഷയ്‌ക്കിടെ പ്രതിഷേധം; ഉദ്യോഗാർത്ഥികളുടെ ഹാൾടിക്കറ്റുകൾ കീറിയെറിഞ്ഞ് കെഎസ്‌യു പ്രവർത്തകർ

Monday 11 May 2026 12:32 PM IST

കണ്ണൂർ: പൊലീസ് സൊസൈറ്റിയുടെ നൈറ്റ് വാച്ച്മാൻ, പ്യൂൺ തസ്‌തികകളിലേക്കുള്ള പരീക്ഷയ്‌ക്കിടെ കെഎസ്‌യു പ്രതിഷേധം. പരീക്ഷ സുതാര്യമല്ലെന്ന് ആരോപിച്ച കെഎസ്‌യു പ്രവർത്തകർ ഉദ്യോഗാർത്ഥികളുടെ ഹാൾ ടിക്കറ്റുകൾ കീറിയെറിഞ്ഞു. ഇന്ന് രാവിലെ പത്ത് മണിയോടെ ആരംഭിക്കേണ്ടിയിരുന്ന പരീക്ഷയ്‌ക്കിടെയാണ് പ്രതിഷേധം ഉണ്ടായത്.

പരീക്ഷ ആരംഭിക്കുന്നതിന് മുൻപ് തന്നെ കെഎസ്‌യു പ്രവർത്തകർ ഉദ്യേോഗാർത്ഥികളുടെ ഇരിപ്പിടങ്ങളിൽ സ്ഥാനം ഉറപ്പിച്ചിരുന്നു. ഹാൾ ടിക്കറ്റ് ഇല്ലാതെയാണ് ഇവർ പരീക്ഷാഹാളിലെത്തിയത്. ഹാൾ ടിക്കറ്റ് ആവശ്യപ്പെട്ട ഉദ്യോഗസ്ഥനോട് ഇവർ തട്ടിക്കയറിയതായി ഉദ്യോഗാർത്ഥികൾ പറയുന്നു. തങ്ങളിൽപ്പലരും പരീക്ഷയ്‌ക്കായി അപേക്ഷ സമർപ്പിച്ചിട്ടും ഹാൾടിക്കറ്റ് ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം നടത്തിയതെന്നാണ് വിവരം. ഇതിനിടെയാണ് പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാർത്ഥികളുടെ ഹാൾടിക്കറ്റുകൾ കെഎസ്‌യു പ്രവർത്തകർ ബലമായി കീറിക്കളഞ്ഞത്.

രഹസ്യപരീക്ഷയിലൂടെയുള്ള പിൻവാതിൽ നിയമനം തടയാനായാണ് പ്രതിഷേധം നടത്തുന്നതെന്നാണ് കെഎസ്‌യു പ്രവർത്തകരുടെ വാദം. വേണ്ട വിധത്തിൽ അറിയിപ്പ് നൽകാതെയാണ് പരീക്ഷ നടത്താൻ തീരുമാനിച്ചതെന്നും കെഎസ്‌യു പ്രവർത്തകർ ആരോപിക്കുന്നു. അതേസമയം, മാർച്ച് 14-ാം തീയതിയിലെ ദേശാഭിമാനി, കേരളകൗമുദി തുടങ്ങിയ പത്രങ്ങളിൽ കണ്ണൂർ പൊലീസ് സൊസൈറ്റിയുടെ നൈറ്റ് വാച്ച്‌മാൻ, പ്യൂൺ തസ്‌തികകളിലേക്കായി അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് നൽകിയിരുന്നതായാണ് വിവരം. ഏപ്രിൽ 16 വരെയായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ഇതുപ്രകാരം അപേക്ഷ നൽകിയ 75 ഉദ്യോഗാർത്ഥികളാണ് പരീക്ഷയെഴുതാനായെത്തിയത്. കണ്ണൂർ എആർ ക്യാമ്പിലെ ഹാളിലാണ് പരീക്ഷയ്‌ക്കായുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നത്. രാവിലെ എഴുത്ത് പരീക്ഷയും ഉച്ചയ്‌ക്ക് ശേഷം ഇന്രർവ്യു എന്നിങ്ങനെയാണ് ക്രമീകരിച്ചിരുന്നത്.