ഇല്ലാത്ത വൈദ്യുതിക്ക് കരാർ: അനുമതിക്കായി കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മിഷനിൽ
തിരുവനന്തപുരം: വൈദ്യുതി ഉത്പാദനം നിലച്ച കായംകുളത്തെ എൻ.ടി.പി.സി താപനിലയത്തിന് ഫിക്സഡ് തുകയായി 100 കോടി നൽകാനുള്ള കരാറിന് അനുമതി തേടി കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മിഷനിൽ.
എൻ.ടി.പി.സിയുടെ വിശാഖപട്ടണത്തെ തൽച്ചാർ നിലയത്തിൽ നിന്ന് കേരളത്തിന് വൈദ്യുതി നൽകുന്നുണ്ട്. ഇത് മുടങ്ങാതിരിക്കണമെങ്കിൽ പൂട്ടിയ സ്ഥാപനത്തിൽ നിന്ന് കിട്ടാത്ത വൈദ്യുതിക്ക് കരാറിൽ ഏർപ്പെടണമെന്ന എൻ.ടി.പി.സിയുടെ സമ്മർദ്ദത്തിന് കെ.എസ്.ഇ.ബി വഴങ്ങുകയായിരുന്നു.
വൈദ്യുതി വാങ്ങിയില്ലെങ്കിലും ഫിക്‌സഡ് തുകയായി 100 കോടി രൂപ എൻ.ടി.പി.സിക്ക് നൽകാമെന്നാണ് കെ.എസ്.ഇ.ബിയുടെ കരാർ. ഇത് മൂന്ന് വർഷത്തേക്ക് പുതുക്കാൻ സംസ്ഥാനസർക്കാർ നേരത്തേ അനുമതി നൽകിയിരുന്നു.കരാർ പുതുക്കാൻ
റഗുലേറ്ററി കമ്മിഷന്റെ അനുമതി ആവശ്യമായതിനാലാണ് അപേക്ഷ നൽകിയത്.
20ന് കമ്മിഷൻ തെളിവെടുപ്പ് നടത്തും.
2017ൽ ആണ് കായംകുളം നിലയം പ്രവർത്തനം അവസാനിപ്പിച്ചത്.. എന്നിട്ടും കെ.എസ്.ഇ.ബി. അഞ്ച് തവണ കരാർ നീട്ടുകയായിരുന്നു. വർഷം 200കോടി രൂപവീതം എൻ.ടി.പി.സി.ക്ക് ഫിക്‌സഡ് ചാർജ്ജായി നൽകേണ്ടിവന്നു. 2022ൽ കരാർ പുതുക്കിയപ്പോൾ ഫിക്‌സഡ് ചാർജ്ജ് 100കോടിയാക്കി കുറച്ചു.