ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനുള്ളിൽ പാമ്പ്; കൈയിലേക്ക് ഇഴഞ്ഞുകയറാൻ ശ്രമം, യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

Monday 11 May 2026 10:40 AM IST

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനുള്ളിൽ നിന്ന് പാമ്പിനെ പിടികൂടി. പുറമേരി സ്വദേശി അൻഫസിന്റെ സ്‌കൂട്ടറിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ചാലപ്പുറത്തുള്ള ബന്ധുവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിയിരുന്നു സംഭവം. നാദാപുരം പൊലീസ് സ്‌റ്റേഷനരികിലെത്തിയെപ്പോൾ സ്‌കൂട്ടറിന്റെ മിററിന്റെ ഭാഗത്ത് നിന്നും എന്തോ ഒന്ന് കൈയിലേക്ക് ഇഴഞ്ഞുകയറുന്നതായി യുവാവിന് അനുഭവപ്പെട്ടു. ഉടൻതന്നെ അടുത്തുള്ള മെക്കാനിക്കിനെ വരുത്തി സ്‌കൂട്ടറിന്റെ മുൻഭാഗം അഴിച്ച് പരിശോധിച്ചാണ് പാമ്പിനെ പിടികൂടിയത്. പരിഭ്രാന്തനായ അൻഫസ് ആശുപത്രിയിലെത്തി പാമ്പിന്റെ കടിയേറ്റിട്ടില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. കിലോമീറ്ററുകളോളം സ്‌കൂട്ടറിൽ സഞ്ചരിച്ച യുവാവ് തലനാരിഴയ്‌ക്കാണ് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്.