കന്നിവിജയം ലിജുവിനും അമ്പിളിക്കും പിറന്നാൾ മധുരം

Tuesday 05 May 2026 1:54 AM IST

ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പിലെ കന്നിവിജയം കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ലിജുവിനും ഭാര്യ അമ്പിളിക്കും പിറന്നാൾ മധുരമായി. അമ്പിളിയുടെ 43-ാം പിറന്നാൾ ദിനമായിരുന്നു ഇന്നലെ. ഇന്ന് ലിജുവിന്റെ പിറന്നാളാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി വിജയം ലിജുവിനെ തുണച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു ഇന്നലെ അമ്പിളിയും കുടുംബവും. തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിന്റെ പിന്നാലെ വിജയാഹ്ലാദപ്രകടനത്തിലായിരുന്നതിനാൽ ഇന്നലെ ഇരുവരും ഒരുമിച്ച് ആഘോഷങ്ങൾക്കൊന്നും അവസരം ലഭിച്ചില്ല. ലിജുവിന്റെ ജന്മദിനമായ ഇന്ന് ക്ഷേത്രദർശനങ്ങൾ ഉൾപ്പെടെ നടത്തി ആഘോഷമാക്കാനാണ് തീരുമാനം. പ്രിയനേതാവിന്റെയും ഭാര്യയുടെയും ജന്മദിനം അറിഞ്ഞ പ്രവർത്തകരും നേതാക്കളും ആശംസകൾ നേർന്നു.