പരാജയത്തിന് ഉത്തരവാദികൾ പാർട്ടി നേതാക്കളാണെന്ന പ്രചാരണം ബിഹാർ നമ്പറുകൾ ഉപയോഗിച്ച് ,​ ഗൂഢനീക്കമെന്ന് സിപിഎം

Monday 11 May 2026 8:54 PM IST

കണ്ണൂർ: പയ്യന്നൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെയും ഫലപ്രഖ്യാപനത്തിന് ശേഷം പാർട്ടി നേതാക്കൾക്കെതിരെയും നടത്തുന്ന സൈബർ പ്രചാരണങ്ങൾ പ്രതിഷേധാർഹമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഫേസ്ബുക്ക് പോസ്റ്റിലാണ് രാഗേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

ബിഹാറിലും മറ്റും രജിസ്റ്റർ ചെയ്ത ഫോൺ നമ്പറുകൾ ഉപയോഗിച്ചാണ്, പരാജയത്തിന് ഉത്തരവാദികൾ പാർട്ടി നേതാക്കളാണെന്ന് മട്ടിൽ ഫോട്ടോ സഹിതം ഉപയോഗിച്ച്‌ കള്ളം പ്രചരിപ്പിക്കുന്നത്. ഇത് അത്യന്തം അപലപനീയമാണ്. എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ഹീനമായ വ്യക്തിഹത്യ നടത്തിയത്‌ യുഡിഎഫ് സ്ഥാനാർഥിയുടെ സോഷ്യൽ മീഡിയ സംഘമാണ്. ഇവ വ്യാപകമായി വ്യാജ ഐഡികളിലൂടെയും മറ്റും പ്രചരിപ്പിച്ചു. പരാജയത്തിനുശേഷം ഇത്തരം പ്രചരണങ്ങൾ പാർട്ടി നേതാക്കൾക്കെതിരായി മാറിയെന്നും രാഗേഷ് ആരോപിച്ചു.

കെ. കെ. രാഗേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പയ്യന്നൂരിൽ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ എൽഡിഎഫ് സ്ഥാനാർഥിക്കെതിരെയും വോട്ടെണ്ണി കഴിഞ്ഞപ്പോൾ പാർട്ടി നേതാക്കൾക്കെതിരെയും വ്യാജ ഐഡികൾ ഉപയോഗിച്ച്‌ നടത്തുന്ന വ്യക്തിഹത്യ അടക്കമുള്ള സൈബർ പ്രചരണങ്ങൾ പ്രതിഷേധാർഹമാണ്. അത്തരം പ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയണം. പാർട്ടി പ്രവർത്തകർ ഇത്തരം പ്രചരണങ്ങളിൽ കുടുങ്ങി പോകരുത് .

ബിഹാറിലും മറ്റും രജിസ്റ്റർ ചെയ്ത ഫോൺ നമ്പറുകൾ ഉപയോഗിച്ചാണ്, പരാജയത്തിന് ഉത്തരവാദികൾ പാർട്ടി നേതാക്കളാണെന്ന് മട്ടിൽ ഫോട്ടോ സഹിതം ഉപയോഗിച്ച്‌ കള്ളം പ്രചരിപ്പിക്കുന്നത്. ഇത് അത്യന്തം അപലപനീയമാണ്.

എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ ഹീനമായ വ്യക്തിഹത്യ നടത്തിയത്‌, യുഡിഎഫ് സ്ഥാനാർഥിയുടെ സോഷ്യൽ മീഡിയ സംഘമാണ്. ഇവ വ്യാപകമായി വ്യാജ ഐഡികളിലൂടെയും മറ്റും പ്രചരിപ്പിച്ചു. പരാജയത്തിനുശേഷം ഇത്തരം പ്രചരണങ്ങൾ പാർട്ടി നേതാക്കൾക്കെതിരായി മാറി. പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്ന ശത്രുക്കൾ നടത്തുന്ന വ്യാജ പ്രചാരണങ്ങൾ പാർട്ടിയെ സ്നേഹിക്കുന്നവർ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.

പാർട്ടി ഐക്യത്തെ തകർക്കാനുള്ള എതിരാളികളുടെ ഗൂഡ നീക്കമാണിത്. ഇക്കാര്യം പാർട്ടി ബന്ധുക്കളും സഖാക്കളും തിരിച്ചറിയണം. വ്യാജ ഐഡികൾ വഴി സിപിഐഎമ്മിനും പാർട്ടി നേതാക്കൾക്കും എതിരെ നടത്തിക്കൊണ്ടിരിക്കുന്ന ഹീനമായ പ്രചരണങ്ങൾക്കെതിരെ പാർട്ടി നിയമ നടപടികൾ സ്വീകരിക്കുന്നുമുണ്ട്.