കരുണാകരൻ - സോണിയ അകൽച്ചയ്ക്ക് കാരണം പത്മജയെന്ന് കെ വി തോമസ്; അനാവശ്യം പറയരുതെന്ന് പത്മജ

Monday 11 May 2026 3:52 PM IST

എറണാകുളം: കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയും മുൻ മുഖ്യമന്ത്രി കെ. കരുണാകരനും തമ്മിൽ അകന്നത് പത്മജ വേണുഗോപാലിനെ ചൊല്ലിയാണെന്ന പരാമർശവുമായി മുതിർന്ന നേതാവ് കെ വി തോമസ്. 'കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്' എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാലിന് സീറ്റ് നൽകാൻ സോണിയാഗാന്ധി താൽപര്യമെടുക്കാതിരുന്നതാണ് ഈ ഭിന്നതയ്ക്ക് പ്രധാന കാരണമെന്നാണ് തോമസ് തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയത്. മകൾക്ക് സീറ്റ് നിഷേധിക്കപ്പെട്ടതിൽ കരുണാകരനുണ്ടായ കടുത്ത അമർഷമാണ് പിന്നീട് ഹൈക്കമാൻഡുമായുള്ള പരസ്യമായ അകൽച്ചയിലേക്ക് നയിച്ചതെന്നും പുസ്തകത്തിൽ പറയുന്നു.

2001-ലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സോണിയാഗാന്ധിയുടെ പ്രതിനിധിയായി അവരറിയാതെ പത്മജയുടെ പേര് കരുണാകരൻ എഴുതിച്ചേർത്തു. എന്നാൽ കോൺഗ്രസിലെ മറുപക്ഷം ഇത് കണ്ടുപിടിക്കുകയും സോണിയയെ വിവരം അറിയിക്കുകയും ചെയ്തു. ഇതോടെ കരുണാകരനോട് സോണിയ ദേഷ്യപ്പെട്ടെന്നാണ് കെ വി തോമസ് പുസ്തകത്തിൽ പറയുന്നത്. അങ്ങനെയാണ് പത്മജയുടെ പേര് വെട്ടിയതെന്നും ഇതാണ് കരുണാകരനും സോണിയയും തമ്മിൽ അകലാൻ കാരണമായതെന്നുമാണ് പുസ്തകത്തിൽ പറയുന്നത്.

കെ. മുരളീധരനെ കെപിസിസി അദ്ധ്യക്ഷനാക്കിയത് സോണിയയ്ക്ക് ഒട്ടും ഇഷ്‌ടമില്ലായിരുന്നെന്നും മന്ത്രിസഭയുടെ മുന്നോട്ടുപോക്കിന് വേണ്ടി വഴങ്ങുകയായിരുന്നുവെന്നും കെ.വി തോമസ് പറയുന്നുണ്ട്. പ്രധാനമന്ത്രിയായ ശേഷവും പി.വി.നരസിംഹറാവുവിനെ കരുണാകരൻ പി.വി.എന്ന് വിളിച്ചത് അതൃപ്‌തിക്ക് കാരണമായെന്നും പുസ്തകത്തിൽ പറയുന്നു. ഫ്രഞ്ച് ചാരക്കേസും ഹവാലാ വിവാദവും പുസ്‌തകത്തിൽ വിശദമായി ചർച്ച ചെയ്യുന്നുണ്ട്.

അതേസമയം, കെ.വി തോമസിന്റെ പുസ്‌തകത്തിലെ കെ.കരുണാകരനെതിരായ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പത്മജാ വേണുഗോപാൽ രംഗത്തെത്തി. കെ. കരുണാകരനും നരസിംഹറാവുവും അകന്നത് പേര് വിളിക്കുന്നതുകൊണ്ടായിരുന്നില്ല. ഒരാൾ മരിച്ചുവെന്ന് വച്ച് അയാളെപ്പറ്റി അനാവശ്യമായ കാര്യങ്ങൾ എഴുതരുത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് അച്ഛൻ വരുമോ എന്ന് നരസിംഹറാവുവിന് പേടിയായിരുന്നെന്നും അതുകൊണ്ടാണ് തൃശൂരിൽ തോൽപ്പിച്ചതെന്നും പത്മജ പറ‌ഞ്ഞു.

'ഞാൻ കാരണമാണ് സോണിയാഗാന്ധിയും കെ. കരുണാകരനും പിണങ്ങിയതെന്ന പരാമർശം വസ്തുതാവിരുദ്ധമാണ്. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. അച്ഛന്റെ ഏറ്റവും വിശ്വസ്തനായി നിന്ന ഒരാൾ ഇങ്ങനെ പറയുമ്പോൾ പലരും വിശ്വസിച്ചുവെന്ന് വരും. എല്ലാവരും വന്നുപറഞ്ഞതിന്റെ അടിസ്ഥാനത്തിൽ എനിക്ക് ചാലക്കുടിയിലെ സീറ്റിന്റെ കാര്യം അച്ഛൻ സംസാരിച്ചിരുന്നു. പിന്നീട് വേറൊരു ലോബി എതിർത്തപ്പോൾ, ഞാൻ പിന്മാറുന്നെന്ന് അച്ഛനോട് പറഞ്ഞു. ഒരു വഴക്കുമില്ലാതെ ഞാൻ പിന്മാറുകയാണ് ചെയ്തത്. അതിൽ കൂടുതൽ ഒന്നും ഉണ്ടായിട്ടില്ല'.- പത്മജ പറഞ്ഞു.