വരൾച്ച, ഓരുവെള്ളം: കുട്ടനാട്ടിൽ വിളനഷ്ടം
ആലപ്പുഴ: പുഞ്ചകൃഷി വിളവെടുപ്പ് അവസാനഘട്ടത്തിലെത്തി നിൽക്കെ ഓരുവെള്ള ഭീഷണിയും കൊടുംവരൾച്ചയും മൂൻം കുട്ടനാട്ടിൽ ഇത്തവണ 5,000 ഏക്കറിലധികം നിലത്ത് വിളവെടുപ്പിൽ ശരാശരി 40-50 ശതമാനം കുറവുണ്ടാക്കിയതായി കൃഷി വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. ആലപ്പുഴ നഗരസഭാപരിധിയിൽ വരുന്ന പാടങ്ങളിലും കൈനകരി, നെടുമുടി, പുന്നപ്ര, അമ്പലപ്പുഴ, കരുവാറ്റ , തകഴി തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന പാടങ്ങളിലെയും ആദായം കണക്കാക്കിയുള്ള റിപ്പോർട്ടാണിത്.
വൃശ്ചിക വേലിയേറ്റവും ഓരുമുട്ടുകൾ വഴി ഓരുവെള്ളം പാടങ്ങളിലും ഇടത്തോടുകളിലും കയറാനിടയായതാണ് നെൽച്ചെടികൾ കരിയാനും വളർച്ച മുരടിച്ച് ആദായം കുറയാനും കാരണമായതെന്നാണ് കൃഷി വകുപ്പിന്റെ പ്രാഥമിക നിഗമനം.
ആദ്യം വിതനടക്കുന്നതും ആദായത്തിൽ മുന്നിൽ നിൽക്കുന്നതുമായ പാടങ്ങളിൽ മുൻകാലങ്ങളിൽ ഏക്കറിന് 30- 35 ക്വിന്റൽ വരെ വിളവ് ലഭിച്ചിരുന്നു. വരൾച്ചയും ഉഷ്ണ തരംഗവും രൂക്ഷമായിട്ടും മുൻവർഷം ഇവിടങ്ങളിലെ വിളവിൽ കാര്യമായ കുറവുണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ കായൽനിലങ്ങളിലുൾപ്പെടെ നെല്ല് ഉൽപ്പാദനത്തിൽ നല്ല കുറവുണ്ടായതായാണ് കൃഷി വകുപ്പിന്റെ കണക്ക്. ഇടത്തോടുകളിൽ വെള്ളം നിറച്ചും പാടങ്ങളിൽ നല്ല വെള്ളം കയറ്റിയിറക്കിയും ഓരുവെള്ളത്തെ കൃത്യമായി നിയന്ത്രിച്ച പാടങ്ങൾക്കാണ് വെല്ലുവിളികളെ അതിജീവിച്ചും തരക്കേടില്ലാത്ത വിളവ് നേടാനായത്. വിത കഴിഞ്ഞ് ഞാറ് വേരുറയ്ക്കുംമുമ്പ് പാടങ്ങളിലേക്ക് ഓരുവെള്ളം കയറിയത് നെൽച്ചെടിയുടെ വളർച്ചയെയും വിളവിനെയും ബാധിച്ചു.
1. അമ്പലപ്പുഴ, കൈനകരി, ചമ്പക്കുളം, നെടുമുടി, നീലമ്പേരൂർ, പുളിങ്കുന്ന് കൃഷി ഭവൻ പരിധികളിലാണ് കൂടുതൽ കൃഷിനാശം
2. നേരത്തെ കൃഷിയിറക്കിയ പാടശങ്കരങ്ങളിൽ ങളിൽ ഇത്തവണ വിളവിൽ ഏക്കറിന് 2മുതൽ 5 ക്വിന്റലിന്റെ വരെ കുറവുണ്ട്.
3. കൃത്യസമയത്ത് ഓരുമുട്ടുകൾ സ്ഥാപിക്കാനും ആവശ്യം കഴിഞ്ഞാൽ അവ നീക്കം ചെയ്യാനും കൃത്യമായ നടപടിയുണ്ടാകുന്നില്ല
4.താമസിച്ച് വിത നത്തിയ പാടങ്ങളിലെ കണക്കുകൾ കൂടി ലഭ്യമാകുമ്പോൾ വിളവ് നഷ്ടം ഇനിയും ഉയരാനാണ് സാദ്ധ്യത.
ഓരുവെള്ളം കയറിയുള്ള കൃഷി നാശത്തിന്റെയും വിളവ് നഷ്ടത്തിന്റെയും പ്രാഥമിക കണക്ക് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കർഷകർക്ക് വരൾച്ചാദുരിതാശ്വാസ പദ്ധതിയിലുൾപ്പെടുത്തി നഷ്ടപരിഹാരം നൽകുന്നതിനൊപ്പം ഓരുമുട്ടുകൾ ബലപ്പെടുത്തി കൃഷി സംരക്ഷിക്കണമെന്ന് ശുപാർശയും നൽകി
- ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസ്, ആലപ്പുഴ
കൃഷി വകുപ്പിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നതിലും വലിയനഷ്ടമാണ് കർഷകർക്ക് ഉണ്ടായിട്ടുള്ളത്. പല പാടങ്ങളിലും മില്ലുകാർ ഏറ്റെടുക്കാത്ത നെല്ല് ഇപ്പോഴും കൂട്ടിയിട്ടിട്ടുണ്ട്. വേനൽ മഴ കൂടി വന്നതോടെ അവ ഉടൻ കിളിർക്കും. വിള ഇൻഷ്വറൻസിലുൾപ്പെടുത്തിയും കൈകാര്യചെലവ് വർദ്ധിപ്പിച്ചും കർഷകരെ സഹായിക്കാൻ സർക്കാർ തയ്യാറാകണം.
- വോയ്സ് ഓഫ് ഗ്രേറ്റർ കുട്ടനാട്, കർഷക കൂട്ടായ്മ