വില കൂട്ടിയപ്പോൾ കച്ചവടം ഇടിഞ്ഞ് ഹോട്ടലുകൾ

Monday 11 May 2026 11:27 PM IST

ആലപ്പുഴ : വിഭവങ്ങൾക്ക് വില കൂട്ടിയതോടെ കച്ചവടം ഗണ്യമായി ഇടിഞ്ഞതായി ഹോട്ടലുടമകൾ. 10 രൂപയായിരുന്നപ്പോൾ രണ്ടും മൂന്നും ചായ ദിവസേന കുടിച്ചവർ വില 12-15 ആയി വർദ്ധിച്ചതോടെ എണ്ണം വെട്ടിക്കുറച്ചു. ചെറുകടികളുടെ കാര്യത്തിലും ഇങ്ങനെതന്നെ. പാചകവാതകത്തിന് വില കുത്തനെ ഉയർത്തിയതോടെയാണ് ഹോട്ടലുകളിലും വിലവർദ്ധന നടപ്പായത്. വിവിധയിനം വിഭവങ്ങൾക്ക് 50 രൂപവരെ വർദ്ധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഹോട്ടലുകളിൽ ഭക്ഷണത്തിന് വില കൂട്ടിയത്.

വില്പന നടന്നാലും ഇല്ലെങ്കിലും ചെലവിൽ മാറ്റമില്ല എന്നാണ് ഹോട്ടലുടമകൾ പറയുന്നത്. ദിവസേന 7000 രൂപയ്ക്ക് വില്പന നടത്തിയിരുന്ന ചെറുകിട ഹോട്ടലുകളിൽ ഇപ്പോൾ 5000 രൂപയോളമേ വരവുള്ളൂ. പാചക വാതകത്തിന് വിലകൂട്ടിയതോടെ 1000 രൂപ ഈ ഇനത്തിൽ ചെലവാകും. പലപ്പോഴും മിച്ചമായി ലഭിക്കുന്നത് 500 രൂപ മാത്രമാണെന്നാണ് ചെറുകിട ഹോട്ടലുടമകൾ പറയുന്നത്. മറ്റ് വരുമാനമാർഗമില്ലാത്തതിനാൽ മാത്രമാണ് പലരും കട തുറന്നുപ്രവർത്തിപ്പിക്കുന്നത്.

ഊണിന് സ്പെഷ്യൽ വേണ്ട !

 പഠനാവശ്യങ്ങൾക്കും ജോലിക്കുമായി മറ്റ് പ്രദേശങ്ങളിൽ നിന്ന് ഇവിടെ വന്ന് താമിക്കുന്നവരാണ് ഹോട്ടലുകളിലെ പ്രധാന ഉപഭോക്താക്കൾ.

 ബഡ്ജറ്റ് താളംതെറ്റിയതോടെ ഇവർ ഭക്ഷണത്തിനായി ചെലവഴിക്കുന്ന തുക കുറച്ചു. ഇതോടെചെറുകിട ഹോട്ടലുകളിൽ പലതിലും കച്ചവടം ഇടിഞ്ഞു.

 ഊണിനൊപ്പം ഫ്രൈ അടക്കമുള്ള സ്പെഷ്യലുകൾ പലരും ഒഴിവാക്കി. കുടിക്കുന്ന ചായയുടെ എണ്ണം കുറച്ചവരും നിരവധി

 ശമ്പളം വരുന്ന ദിവസം മാത്രം ആ‌ർഭാടമായി ഭക്ഷണം കഴിക്കാമെന്ന ചിന്തയിലേക്കും ജോലിക്കാരിൽ ഭൂരിഭാഗവുമെത്തി

സിലിണ്ടർ ക്ഷാമം രൂക്ഷം

ഇന്ധന വില കുത്തനെ കൂട്ടിയെങ്കിലും പാചകവാതകം ആവശ്യത്തിന് ലഭിക്കുന്നില്ല. പ്രതിദിനം 3 സിലിണ്ടർ വേണ്ട ഹോട്ടലുകൾക്ക് ആഴ്ചയിൽ ഒന്നുമാത്രമാണ് ലഭിച്ചത്. സിലിണ്ടർ ആവശ്യപ്പെട്ട് വിളിച്ചാൽ സ്റ്രോക്ക് എത്തിയിട്ടില്ല എന്ന പതിവ് മറുപടിയാണ് ലഭിക്കുന്നതെന്ന് ഹോട്ടലുടമകൾ പറയുന്നു. വിറകടുപ്പിൽത്തന്നെയാണ് മിക്കയിടത്തും പാചകം. ഇപ്പോഴും ജില്ലയിൽ 100ൽ അധികം ഹോട്ടലുകൾ അടഞ്ഞുതന്നെ കിടക്കുകയാണ്. ചില ഹോട്ടലുകളിൽ കുടിക്കാൻ ചൂടുവെള്ളം നൽകുന്നില്ലെന്ന ആരോപണവുണ്ട്. വെള്ളം ചോദിച്ചാൽ മേശപ്പുറത്ത് വച്ചിരിക്കുന്ന കുപ്പിവെള്ളം എടുക്കാനാണ് വെയിറ്റർമാർ പറയുന്നത്. ഇതിന് 20 രൂപ നൽകണം.

വില കൂട്ടിയെങ്കിലും കച്ചവടം കുറഞ്ഞു. ഹോട്ടൽ മേഖല വലിയ പ്രതിസന്ധിയിലാണ്. പാചകവാതകം ലഭിക്കാതായാൽ ഗ്യാസ് വിതരണ ഏജൻസികൾക്ക് മുമ്പിൽ പ്രതിഷേധിക്കും

-ആ‌ർ. നവാസ്, ആലപ്പുഴ സൗത്ത് യൂണീറ്റ് പ്രസിഡന്റ്

കെ.എച്ച്.ആർ.എ