വയോധികനെ തെങ്ങിൽ കെട്ടിയിട്ട് മർദിച്ച രണ്ട് പേർ അറസ്റ്റിൽ

Monday 11 May 2026 11:28 PM IST

പൂച്ചാക്കൽ: മുൻവൈരാഗ്യത്തിന്റെ പേരിൽ വയോധികനെ തെങ്ങിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച കേസിൽ പ്രതികളായ രണ്ടുപേരെ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡിൽ തൃച്ചാറ്റുകുളം പി.ഒയിലെ ശംലാ മൻസിലിൽ സത്താർ (43), ഷഹബാസ് (18) എന്നിവരാണ് അറസ്റ്റിലായത്. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡിൽ തൃച്ചാറ്റുകുളം കുഴിപ്പറമ്പ് നികർത്തിൽ വിജയനാണ് (64) ആക്രമണത്തിനിരയായത്. തടയാനെത്തിയ കുടുംബാംഗങ്ങൾക്കും മർദനമേറ്റു. കഴിഞ്ഞ 7ന് രാത്രി വീട്ടുമുറ്റത്ത് നിന്നിരുന്ന വിജയനെ വലിച്ചിഴച്ച് പ്രതികളുടെ വീട്ടുമുറ്റത്തെത്തിച്ച് ഉടുമുണ്ട് ഉരിഞ്ഞ് തെങ്ങിൽ കെട്ടിയിട്ട ശേഷമാണ് മർദ്ദിച്ചത് . മൂക്കിന്റെ അസ്ഥി പൊട്ടിയത് ഉൾപ്പെടെ വിജയന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ സത്താറും കുടുംബാംഗങ്ങളും ഉൾപ്പെടെ ആറ് പേർക്കെതിരെ പൂച്ചാക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.