മാപ്പിള കലകളെ സ്നേഹിച്ച് 'ഒപ്പനപ്പുര'യിലെ നാസർ

Thursday 30 April 2026 10:01 PM IST

കണ്ണൂർ:കഴിഞ്ഞ 32 വർഷമായി കേരളത്തിലെ മാപ്പിളകലകളെ രാജ്യാന്തരതലത്തിൽ വരെ എത്തിക്കുന്നതിന് അക്ഷീണപ്രയത്നം നടത്തിവരുന്ന ഒരു കലാകാരനുണ്ട് പറശ്ശിനിയിൽ.സ്വന്തം വീടിന് ഒപ്പനപ്പുരയെന്ന പേരിട്ട് കലകളോട് തന്റെ ജൈവികബന്ധം വിളംബരം ചെയ്യുന്ന കലാകാരൻ. നാസർ പറശ്ശിനിക്ക് മാപ്പിള കലകളോടുള്ള ഈ അടുപ്പം പഴയകാലത്ത് കല്യാണവീടുകളിൽ കൈകൊട്ടി പാടിയിരുന്ന മുത്തശ്ശി അലീമ ബീവിയിൽ നിന്നും പാരമ്പര്യമായി ലഭിച്ചതാണ്.

2005ലെ റിപബ്ലിക് പരേഡിൽ ദഫ്‌മുട്ടും ഒപ്പനയും പ്രദർശിപ്പിച്ച് ദേശീയതലത്തിൽ അംഗീകാരം നേടിയിട്ടുണ്ട് നാസർ.2018ൽ കണ്ണൂർ സിറ്റി ഫെസ്റ്റിന്റെ ഭാഗമായി നടന്ന 1532 പെൺകുട്ടികളെ പങ്കെടുപ്പിപ്പിച്ച് കണ്ണൂർ ഹാർബറിൽ അറക്കൽ രാജവംശത്തിന്റെ രൂപീകരണത്തിനിടയാക്കിയ ചരിത്രസംഭവത്തെ ആസ്പദമാക്കി സംഘടിപ്പിച്ച മെഗാ ഒപ്പന ഗിന്നസിലും ഇടംനേടി. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയായിരുന്നു അന്ന് മണവാട്ടി വേഷത്തിൽ.

പ്രശസ്ത സംഗീത സംവിധായകൻ ചാന്ദ്പാഷയുടെ ശിഷ്യനായ ഇദ്ദേഹം കേരള സർക്കാറും തെലുങ്കാന സർക്കാറും ഹൈദരാബാദിൽ നടത്തിയ പൈതൃകോത്സവത്തിൽ 500ൽ പരം പെൺകുട്ടികളെ പങ്കെടുപ്പിച്ച് ഹിന്ദിയിലും മലയാളത്തിലും ഒപ്പന അവതരിപ്പിച്ച് തെലുങ്കാനയുടെയും കേരളത്തിന്റെയും വലിയ അംഗീകാരവും പ്രശംസയും നേടിയെടുത്തു.മാപ്പിളകലകളിലെ സംഭാവനയ്ക്ക് കേരള ഫോക്‌‌ലോർ അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്. 2018 മുതൽ കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉത്തരകേരള മാപ്പിളകല പഠന കേന്ദ്രം ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം.

കലോത്സവ വേദികളിൽ മൊഞ്ചോടെ

വ‌ർഷം തോറും എട്ട് ഒപ്പന ടീമുകളെ പരിശീലിപ്പിച്ച് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എത്തിക്കുന്നത് നാസറാണ്. ഇതിലൂടെ 100 വിദ്യാർത്ഥിനികൾക്ക് ഗ്രേസ് മാർക്കും ലഭിച്ചു. സ്‌കൂൾ കലോത്സവത്തിന് പുറമെ സർവകലാശാല കലോത്സവ വേദികളിലും പരിശീലകവേഷത്തിൽ ഇദ്ദേഹമുണ്ടാകും. ഏതു കലോത്സവമാണെങ്കിലും നാസർ പരിശീലിപ്പിച്ച ഒപ്പന ടീമുകൾ സംസ്ഥാനവേദിയിലെത്തും.ഇതിൽ ആദ്യ മൂന്നുസ്ഥാനങ്ങളിലൊന്നെങ്കിലും നാസറിന്റെ ടീം നേടിയിട്ടുണ്ടെന്നതും റിക്കാർഡാണ്.