നൂറു വേദികൾ പിന്നിട്ട് സൗഹൃദ തിരുവാതിര സംഘം
കരുനാഗപ്പള്ളി: ആദിനാട് സൗഹൃദ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സൗഹൃദ തിരുവാതിര സംഘം നൂറു വേദികൾ പിന്നിട്ടു. ആഘോഷ പരിപാടിയുടെ ഭാഗമായി അനുമോദനം, ചികിത്സാധനസഹായ വിതരണം,ആദരവ് എന്നിവ സംഘടിപ്പിച്ചു. തുറയിൽ, പുളിക്കാമഠം മഹാദേവ ക്ഷേത്രത്തിൽ സംഘടിപ്പിച്ച തിരുവാതിരയുടെ നൂറാമത് ആഘോഷ പരിപാടികൾ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ഡി. അരുൺരാജ് മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ ആർ. മുരളീധരൻ പിള്ള അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി എസ്.എ. പ്രീതൻ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടിവ് കമ്മിറ്റി അംഗം വി.പി. ജയപ്രകാശ് മേനോൻ എന്നിവർ സംസാരിച്ചു. തുടർന്ന് തിരുവാതിരയും അരങ്ങേറി. വിവിധ മേഖലകളിൽ ശ്രദ്ധേയരായ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. തിരുവാതിര സംഘത്തിന് ലഭിച്ച വരുമാനം വിവിധ വ്യക്തികൾക്ക് ചികിത്സാധന സഹായമായി വിതരണം ചെയ്തു.