അടുക്കളയിൽ പുകഞ്ഞ് അരിയും ഉപ്പും മുളകും

Thursday 07 May 2026 12:22 AM IST

​​കൊല്ലം: വേനൽച്ചൂടിൽ വിയർക്കുന്നതിനിടെ അടുക്കളയിലെ വിലക്കയറ്റം ജനങ്ങളെ പൊറുതിമുട്ടിക്കുന്നു. പച്ചക്കറിക്ക് പിന്നാലെ പലചരക്ക് സാധനങ്ങളുടെ വില വർദ്ധിച്ചതാണ് സാധാരണക്കാരന്റെ കുടുംബ ബഡ്‌ജറ്റ് താളം തെറ്റിച്ചത്.

പാചകവാതക വില വർദ്ധനവ് അടുക്കളയിലെ തീ കെടുത്തിയതിന് പിന്നാലെയാണ് അരിയും ഉപ്പും മുളകും അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില പ്രതിദിനം ഉയരുന്നത്. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാരാണ് പെടാപ്പാട് പെടുന്നത്.

​​കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലെ വിലക്കയറ്റം ഭീതിപ്പെടുത്തുന്നതാണ്. കറിക്കൂട്ടുകളിലെ പ്രധാന ഇനങ്ങളായ മുളക്, മല്ലി എന്നിവയ്ക്കാണ് റെക്കാർഡ് വിലവർദ്ധന. ഉത്തരേന്ത്യൻ വിപണികളിൽ നിന്നുള്ള ചരക്കുനീക്കം കുറഞ്ഞതോടെ മല്ലി വില കിലോയ്ക്ക് 160 രൂപയായി കുതിച്ചുയർന്നു. ഉള്ളി വില ഒറ്റയടിക്ക് 55 രൂപയിലേക്കെത്തി.

​ഗുജറാത്ത് ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുനീക്കം കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മുളക് വിളവെടുപ്പ് സീസൺ അവസാനിച്ചതും ഉത്പാദനത്തിലുണ്ടായ ഇടിവും വിപണിയെ ദോഷകരമായി ബാധിച്ചു.

പുതിയ ലോഡുകൾ എത്താതിരിക്കുകയും സ്റ്റോക്ക് തീരുകയും ചെയ്യുന്നതോടെ വരും ദിവസങ്ങളിൽ പലചരക്ക് വിപണിയിൽ വില ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. സർക്കാർ സംവിധാനങ്ങളുടെ ശക്തമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ സാധാരണക്കാരുടെ ജീവതം കൂടുതൽ ദുരിതപൂർണമാകും.

പൊള്ളിച്ച് വിലക്കയറ്റം

 അരിക്കും മല്ലിക്കും മുളകിനും വില കൂടി

 ഉള്ളി വിലയും കൈവിട്ട് മുകളിലേയ്ക്ക്

 കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വിപണിയെ വരിഞ്ഞുമുറുക്കി

 ഇന്ധന വിലവർദ്ധന ചരക്ക് നീക്കത്തെ ബാധിച്ചു

 ​ഗ്യാസ് വില വർദ്ധനവും തിരിച്ചടി

 സിലിണ്ടറുകൾ കൃത്യസമയത്ത് വിതരണം ചെയ്യാനാകുന്നില്ല

 വിറകിനും വില കുതിച്ചുയർന്നു

ഇനം, വില-കഴിഞ്ഞ ആഴ്ച, ഈ ആഴ്ച

മല്ലി ₹135 ₹160

മുളക് ₹230 ₹260

പിരിയൻ മുളക് ₹350 ₹390

കാശ്മീരി മുളക് ₹650

ഉള്ളി ₹37 ₹55

പയർ ₹100-135, ₹100-145

ആന്ധ്രാഅരി ₹41.50- 46.50 ₹42.50-43.50

വടിഅരി ₹50.50 ₹51

സവാള ₹20 ₹23

പഞ്ചസാര ₹43.30 ₹44

പച്ചക്കറിക്കും ഇന്ധനവിലയ്ക്കും പിന്നാലെ നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവ് ജനങ്ങൾക്ക് മേൽ ഇരട്ടി പ്രഹരമാണേൽപ്പിച്ചിരിക്കുന്നത്.

വ്യാപാരികൾ