തെരുവു നായ ശല്യം വീണ്ടും രൂക്ഷം..... തീരാത്ത ശൗര്യം, കടിപേടിച്ച് ജനം
കോട്ടയം : എങ്ങനെ വഴിനടക്കും. കണ്ണൊന്ന് തെറ്റിയാൽ, കടിയുറപ്പാണ്. അത്രയ്ക്ക് ദാരുണമാണ് ഞങ്ങളുടെ അവസ്ഥ. ശൗര്യത്തോടെ ചാടിവീഴുന്ന തെരുവ് നായ്ക്കളെ കൊണ്ട് പൊറുതിമുട്ടുകയാണ് ജനം. വന്ധ്യംകരിച്ച തെരുവ് നായ്ക്കളെ തുറന്നുവിടാതെ സംരക്ഷിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പറയുമ്പോഴും നായ്ക്കളുടെ ശല്യത്തിന് കുറവൊന്നുമില്ല. കഴിഞ്ഞ ദിവസം നഗരമദ്ധ്യത്തിൽ വിവിധ ആവശ്യത്തിന് എത്തിയ കാൽനടയാത്രക്കാരാണ് തെരുവ്നായയുടെ ആക്രമണത്തിന് ഇരയായത്. മാർക്കറ്റ് റോഡ്, കോടിമത ബൈപ്പാസ് റോഡ്, കഞ്ഞിക്കുഴി, കളക്ടറേറ്റ്, നാഗമ്പടം, തലയോലപ്പറമ്പ് എന്നിവിടങ്ങളിൽ പകൽസമയം പോലും പേടിച്ചാണ് യാത്രക്കാർ കടന്നുപോകുന്നത്. കോട്ടയം റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കും തിരക്കിട്ട് യാത്ര ചെയ്യുന്നവർ നടപ്പാതയിൽ കിടക്കുന്ന നായ്ക്കളെ ചവിട്ടുന്നതും, കടിയേൽക്കുന്നതും പതിവ് സംഭവമാണ്.
തെരുവിൽ ഭക്ഷണം സുലഭം
മാലിന്യങ്ങൾ റോഡരികിൽ കൂടിക്കിടക്കുന്നതിനാൽ നായ്ക്കൾക്ക് ഭക്ഷണത്തിനും പഞ്ഞമില്ല. റോഡരികിൽ ചാക്കിൽ കെട്ടി വലിച്ചെറിയുന്ന മാലിന്യം നായ്ക്കൾ റോഡിലിട്ട് കടിച്ചുകീറുകയാണ്. രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾക്ക് മുന്നിലേയ്ക്ക് ചാടുന്നത് അപകടത്തിനും ഇടയാക്കും. വഴിവിളക്കുകൾ ഇല്ലാത്ത ഭാഗങ്ങളിലാണ് കൂടുതൽ അപകടക്കെണി. കാൽനടയാത്രികരുടെ നേരെ നായ്ക്കൾ കൂട്ടത്തോടെ എത്തുന്നതും, പരസ്പരം കടിപിടികൂടുന്നതും ഭീതിയിലാഴ്ത്തുന്നു. ഓട്ടോസ്റ്റാൻഡുകൾക്ക് മുൻവശത്തും ഇവ തമ്പടിക്കുകയാണ്. ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ പോലും രക്ഷയില്ലാത്ത അവസ്ഥയാണ്.
കഴിഞ്ഞ ദിവസം കടിയേറ്റത് 2 പേർക്ക്
തിരുനക്കര സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ച് പാലാ ചെമ്പകശേരിയിൽ സന്തോഷിനും, തിരുനക്കര ഗാന്ധി സ്ക്വയറിൽ വച്ച് മീനടം തകിടിയേൽ അഖിലിനുമാണ് നായയുടെ കടിയേറ്റത്.
എ.ബി.സി പദ്ധതി കാര്യക്ഷമമല്ല തെരുവ് നായ നിയന്ത്രണം വന്ധ്യംകരണം പ്രവർത്തനങ്ങൾ കാര്യക്ഷമമല്ല
ഭക്ഷണാവശിഷ്ടങ്ങൾ പൊതുവിടങ്ങളിൽ നിക്ഷേപിക്കുന്നത് കൂടുന്നു
സ്കൂൾ തുറക്കാൻ ഇനി ആഴ്ചകൾ ബാക്കി നിൽക്കെ ആശങ്ക ഉയരുന്നു
വളർത്തു നായ്ക്കളെയും കുഞ്ഞുങ്ങളെയും തെരുവിൽ ഉപേക്ഷിക്കുന്നു രോഗം ബാധിച്ചതും, പ്രായമായതുമായ നായ്ക്കളാണ് കൂടുതലും
''നായശല്യവും, മാലിന്യ നിക്ഷേപവും നിയന്ത്രിക്കാനുള്ള നടപടികൾ ഫലം കാണുന്നില്ല. പൊതു നിരത്തിലെ ഭക്ഷണ ലഭ്യതയും നായ്ക്കളുടെ വളർച്ചയ്ക്കും കുഞ്ഞുങ്ങൾ പെരുകുന്നതിനും ഇടയാക്കുന്നു.
ഗണേഷ്, വഴിയാത്രക്കാരൻ