ചൂടിൽ കോഴികൾ ചത്തൊടുങ്ങുന്നു
മംഗല ഡാം: വേനൽചൂട് രൂക്ഷമാകുന്നതിനൊപ്പം ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ വളർത്തുന്ന കോഴികൾ രോഗബാധ കൂടി കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സംഭവങ്ങൾ ആശങ്കയുണർത്തുന്നു. മംഗല ഡാം, നെന്മാറ, വടക്കഞ്ചേരി, വിത്തിനശേരി, അയിലൂർ, പാളിയമംഗലം, ചക്രായി, കരിമ്പാറ തുടങ്ങി നിരവധി പ്രദേശങ്ങളിലാണ് പ്രശ്നം വ്യാപകമായിരിക്കുന്നത്. അയിലൂരിൽ മാത്രം കഴിഞ്ഞ ദിവസങ്ങളിൽ അമ്പതിലേറെ കോഴികൾ ചത്തതായി നാട്ടുകാർ പറയുന്നു. തീറ്റയെടുത്ത് ആരോഗ്യത്തോടെ നടക്കുന്നതിനിടെയാണ് കോഴികൾക്ക് പെട്ടെന്ന് അസുഖ ലക്ഷണങ്ങൾ കാണുന്നത്. ക്ഷീണം, ഭക്ഷണം കഴിക്കാത്തത്, ചിറകുകൾ താഴ്ത്തി നിൽക്കൽ തുടങ്ങിയ ലക്ഷണങ്ങൾ കാണുന്ന കോഴികൾ അടുത്തദിവസം തന്നെ ചത്തുപോവുകയാണ് പതിവ്. ഇതോടെ ചെറുകിട കോഴിവളർത്തൽ ആശ്രയിച്ചിരുന്ന വീട്ടമ്മമാർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടി വരുന്നത്. ചത്ത കോഴികളെ ശാസ്ത്രീയമായി സംസ്‌കരിക്കാത്തതും രോഗവ്യാപനത്തിന് കാരണമാകുന്നുവെന്ന് പ്രദേശവാസികളും മൃഗസംരക്ഷണ പ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നു. പലസ്ഥലങ്ങളിലും കോഴികളെ തുറസായ സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നതോ ശരിയായി മൂടാതെ ഇടുന്നതോ മൂലം രോഗാണുക്കൾ മറ്റ് കോഴികളിലേക്ക് പകരാൻ സാദ്ധ്യത കൂടുതലാണ്. വേനൽക്കാലത്ത് ചൂട് കൂടുന്നതോടെ വൈറസ് ബാധകൾക്ക് സാദ്ധ്യത കൂടുതലാണെന്നും വെള്ളക്ഷാമവും ചൂട് സമ്മർദ്ദവും കോഴികളുടെ പ്രതിരോധ ശേഷി കുറയ്ക്കുന്നതായും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ 24 മണിക്കൂറും കോഴികൾക്ക് ശുദ്ധജലം ലഭ്യമാക്കുക. തണുത്തതും ഗുണമേന്മയുള്ളതുമായ തീറ്റ നൽകുക. കോഴിക്കൂടുകളിൽ മതിയായ വായുസഞ്ചാരം ഉറപ്പാക്കുക. കൂടാതെ പ്രതിരോധ കുത്തിവെപ്പുകൾ സമയബന്ധിതമായി നൽകുകയും അസുഖലക്ഷണങ്ങൾ കാണിക്കുന്ന കോഴികളെ ഉടൻ മറ്റു കോഴികളിൽ നിന്ന് വേർതിരിച്ച് പാർപ്പിക്കുകയും ചെയ്യുന്നത് രോഗവ്യാപനം നിയന്ത്രിക്കാൻ സഹായകരമാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ വൈകാതെ സമീപത്തെ മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ ഇടപെടൽ ശക്തമാക്കണമെന്ന ആവശ്യവും നാട്ടുകാർ ഉയർത്തുന്നുണ്ട്.