കനത്ത ചൂടിൽ ശ്രദ്ധ വേണം വാഹനങ്ങൾക്കും
പാലക്കാട്: ജില്ലയിൽ ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ വാഹന ഉടമകളും ഡ്രൈവർമാരും അതീവ ജാഗ്രത പുലർത്തണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. വാഹനങ്ങളിൽ തീപിടിത്തം ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസം നഗരത്തിൽ കാറിന് തീപിടിച്ചിരുന്നു. വേനൽക്കാലത്ത് വാഹനം ഓടിക്കുമ്പോഴും പാർക്ക് ചെയ്യുമ്പോഴും പ്രത്യേക മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇലക്ട്രിക് വാഹനങ്ങളിൽ ബാറ്ററി അമിതമായി ചൂടാകുന്നത് മൂലമുണ്ടാകുന്ന 'തെർമൽ റൺവേ' എന്ന പ്രതിഭാസമാണ് പ്രധാനമായും വില്ലനാകുന്നത്. ഇത് ഒഴിവാക്കാൻ ദീർഘനേരം വെയിലത്ത് പാർക്ക് ചെയ്യുന്നത് ഒഴിവാക്കണം. ദീർഘദൂര യാത്ര കഴിഞ്ഞാൽ അരമണിക്കൂറെങ്കിലും കഴിഞ്ഞ് ബാറ്ററിയുടെ ചൂട് മാറിയശേഷം മാത്രം ചാർജ് ചെയ്യുക. ഒറിജിനൽ ചാർജർ മാത്രം ഉപയോഗിക്കുക. അമിത ചാർജിംഗ് ഒഴിവാക്കുക. രാത്രി മുഴുവൻ തുടർച്ചയായി ചാർജ് ചെയ്യുന്നത് ഒഴിവാക്കുക. ബാറ്ററിക്കുള്ളിൽനിന്നോ വാഹനത്തിൽനിന്നോ അസാധാരണമായ ചൂടോ പുകയോ മണമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പരിശോധിക്കുക.
വെയിൽ നേരിട്ട് പതിക്കുന്ന രീതിയിൽ വാഹനങ്ങൾ ദീർഘനേരം പാർക്ക് ചെയ്യരുത്.
വെയിലത്ത് പാർക്ക് ചെയ്യുമ്പോൾ വായുസഞ്ചാരം ഉറപ്പാക്കാൻ ഗ്ലാസുകൾ അൽപ്പം താഴ്ത്തിവയ്ക്കുക
ലൈറ്റർ, പെർഫ്യൂം ബോട്ടിൽ, സാനിറ്റൈസർ, മൊബൈൽ ഫോൺ, പവർ ബാങ്കുകൾ എന്നിവ വാഹനത്തിനുള്ളിൽ വയ്ക്കരുത്.
ടയറുകളുടെ മർദ്ദം പ്രത്യേകം ശ്രദ്ധിക്കുക. ചൂടുകാരണം ടയറുകൾക്കുള്ളിലെ വായു വികസിക്കുകയും ടയർ പൊട്ടാൻ ഇടയാക്കുകയും ചെയ്യും. പഴക്കംചെന്നതും തേയ്മാനം സംഭവിച്ചതുമായ ടയറുകൾ ഉപയോഗിക്കരുത്.
എൻജിന്റെ ചൂട് നിയന്ത്രിക്കുന്ന കൂളന്റ് സംവിധാനം, റേഡിയേറ്ററിന്റെ പ്രവർത്തനം എന്നിവ മികച്ചതാണെന്ന് ഉറപ്പാക്കണം.
എ.സി കൃത്യമായി സർവീസ് ചെയ്യുകയും ഗ്യാസ് ചോർച്ചയില്ലെന്ന് ഉറപ്പാക്കുകയും വേണം.
ബാറ്ററിയിലെ വെള്ളം ബാഷ്പീകരിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം.
പഴക്കമുള്ള വാഹങ്ങളിൽ ഇന്ധനച്ചോർച്ച ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ഹോസുകൾ കൃത്യമായ ഇടവേളയിൽ മാറിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.