പാലോട് നന്ദിയോട് മേഖലകളിൽ വൈദ്യുതി മുടക്കം പതിവാകുന്നു
പാലോട്: കൊടുംവേനലിന് ശേഷം ആകാശത്ത് മഴക്കാറ് കണ്ടതോടെ പാലോട്,നന്ദിയോട്,പെരിങ്ങമ്മല മേഖലകളിലെ ജനങ്ങൾ ഇരുട്ടിലായ അവസ്ഥയിലാണ്. വേനൽക്കാലത്ത് എല്ലാ മേഖലകളിലേയും വൈദ്യുതി പൂർണമായും ഓഫാക്കി ലൈനുകളുടെ മെയിന്റനൻസ് വർക്കുകളും വൈദ്യുതി ലൈനിൽ മുട്ടി നിൽക്കുന്ന മരച്ചില്ലകളും വെട്ടിമാറ്റിയെന്ന് പറയപ്പെടുന്നു. എന്നാൽ പല മേഖലകളിലും ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കുന്നില്ലെന്നുമുള്ള ആക്ഷേപം ശക്തമാണ്. ചെറിയ കാറ്റടിച്ചാൽ വൈദ്യുതിയും പോകുന്ന നിലയിലാണ്. കുറച്ച് ദിവസങ്ങളായി വൈദ്യുതി മുടക്കം രാത്രിയും പകലും ഒരുപോലെയാണ്. വൈദ്യുത തടസം അറിയിച്ച് പ്രദേശവാസികൾ ഇലക്ട്രിസിറ്റി ഓഫീസിൽ ബന്ധപ്പെട്ടാൽ ജീവനക്കാരുടെ കുറവുമൂലമുള്ള പ്രതിസന്ധിയെന്നാണ് പറയുക. ഒരു മഴപെയ്താൽ പോലും ഇവിടെ കറണ്ട് പോകും. വൈദ്യുതി മുടക്കം മൂലം വ്യാപാരികളുടെ ജീവിതവും ദുഃസഹമാണ്. ദിവസവും വൈദ്യുതി തടസ്സം മൂലം ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടാകുന്നത്. അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.