ആനകളോട് ഇഷ്ടം: തീരാനോവായി ശ്രീക്കുട്ടൻ

Monday 04 May 2026 1:34 AM IST

ആറ്റിങ്ങൽ: കുട്ടിക്കാലം മുതൽ ആനകളോട് അടങ്ങാത്ത ഇഷ്ടമായിരുന്നു ശ്രീക്കുട്ടന്. ഒടുവിൽ ഭ്രാന്തെടുത്ത ആനയുടെ കാൽക്കീഴിൽ ജീവനുവേണ്ടി പിടയുമ്പോൾ 25വയസ് മാത്രമായിരുന്നു അവന് പ്രായം.

കഴിഞ്ഞദിവസം ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനെത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ആറ്റിങ്ങൽ കിഴുവിലം ചിറ്റാറ്റിൻകര ചരുവിള പുത്തൻവീട്ടിൽ കുട്ടപ്പൻ-ബിന്ദു ദമ്പതികളുടെ മകൻ ശ്രീക്കുട്ടൻ ആനയുടെ ചവിട്ടേറ്റ് മരിച്ചത്. ഇടഞ്ഞ ആനയുടെ രണ്ടാം പാപ്പാനായിരുന്നു അവൻ. ആനപ്പാപ്പാനായിരുന്ന അച്ഛൻ കുട്ടപ്പനൊപ്പം കുഞ്ഞുനാളിലേ കൂടിയ ശ്രീക്കുട്ടന് ആനയെന്നാൽ ജീവനായിരുന്നു. പാപ്പാനാകാൻ സ്കൂൾ വിദ്യാഭ്യാസം പോലും അവൻ ഉപേക്ഷിച്ചു. 2015 മുതൽ ആനക്കാരുടെ സഹായിയായി. അപകടമുണ്ടാക്കിയ ആനയ്ക്കൊപ്പം ശ്രീക്കുട്ടൻ അഞ്ചുവർഷത്തോളമായി ജോലിചെയ്യുന്നുണ്ട്. ആനപിണങ്ങിയാലും ഭയമില്ലാതെ അതിനെ നിന്ത്രിക്കാൻ ശ്രമിക്കുന്നത് അവന്റെ ശീലമായിരുന്നു. കഴിഞ്ഞ ദിവസവും ആന പിണങ്ങിയപ്പോൾ അതിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണസംഭവമുണ്ടായത്. ശ്രീക്കുട്ടന്റെ സഹോദരി ശ്രീക്കുട്ടി നേരത്തേ മരിച്ചിരുന്നു. പിന്നീട് അച്ഛനമ്മമാരുടെ ഏക പ്രതീക്ഷ അവനായിരുന്നു.