ദുരിതത്തിലായി റബർ കർഷകർ

Monday 04 May 2026 1:52 AM IST

കിളിമാനൂർ: വിപണിയിൽ വിലകൂടിയിട്ടും റബർ വെട്ടാൻ പറ്റാത്ത അവസ്ഥയിലാണ് കർഷകർ. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ആകെ റബർ വെട്ടിയത് വിരലിൽ എണ്ണാൻ കഴിയുന്ന ദിവസങ്ങളിൽ മാത്രമാണ്. ഫെബ്രുവരി,മാർച്ച്,ഏപ്രിൽ മാസങ്ങളിൽ ഇല പൊഴിയുന്നതിനോടൊപ്പം വേനലിൽ റബറിന് വിശ്രമം നൽകും. മേയ് മാസത്തിൽ വീണ്ടും വെട്ട് ആരംഭിക്കുകയും ചെയ്യും.എന്നാൽ കത്തുന്ന വെയിലിൽ ടാപ്പിംഗ് ഇതുവരെ തുടങ്ങാൻ കഴിയാത്തതാണ് കർഷകരെ വലയ്ക്കുന്നത്. വയൽ നികത്തിയും തെങ്ങും,അടയ്ക്കയും മുറിച്ചു മാറ്റി മലയോരം മുഴുവൻ റബർ കൃഷി ചെയ്ത കർഷകരും,ടാപ്പിംഗ് തൊഴിലാളികളും പട്ടിണിയുടെ വക്കിലാണ്.

കഴിഞ്ഞ ഇതേ സമയം റബറിന്റെ വില: 100- 120രൂപ

ഇപ്പോൾ: 220- 230രൂപ

ഒട്ടു പാലിന് 150-1700 രൂപ

റബർ ടാപ്പിംഗ് തൊഴിലാളിക്ക് ഒരു മരത്തിന് 1.50 മുതൽ 2രൂപ വരെയാണ് കൂലി

 കടക്കെണിയുടെ വക്കിൽ

തുടർച്ചയായി ടാപ്പിംഗ് നടത്താത്തതിനാൽ റബർ മരങ്ങൾ ഒടിഞ്ഞു വീഴുന്നതും പതിവാണ്. വേനൽ മഴയിൽ നിന്ന് രക്ഷനേടാനായി മരങ്ങളിൽ മഴക്കോട്ട് സ്ഥാപിച്ചതും പാഴായ സ്ഥിതിയാണ്. വേനൽ കഴിഞ്ഞ് ടാപ്പിംഗ് ആരംഭിക്കാൻ ചില്ല്,ചിരട്ട,കമ്പി എന്നിവയ്ക്കായി തന്നെ നല്ലൊരു തുകയും ആയിട്ടുണ്ട്. ടാപ്പിംഗ് ഇല്ലാത്തതിനാൽ തൊഴിലാളികൾ മറ്റു പണികൾക്കും പോയി തുടങ്ങി. ചിലയിടങ്ങളിൽ റബർ മരത്തിൽ കുരുമുളക് പടർത്തി തുടങ്ങി.