നെല്ലിമൂട് ജംഗ്ഷനിൽ വാട്ടർ അതോറിട്ടിയുടെ കുഴികൾ വെല്ലുവിളിയാകുന്നു
ബാലരാമപുരം: വാട്ടർ അതോറിട്ടി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി നെല്ലിമൂട് ജംഗ്ഷനിൽ റോഡ് പൊളിച്ചിട്ടിട്ടുള്ള കുഴികൾ വാഹനയാത്രക്കാർക്ക് വെല്ലുവിളിയാകുന്നു. വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കാൻ മാസങ്ങൾ ശേഷിക്കെ അടിയന്തരമായി കുഴികളടയ്ക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നെയ്യാറ്റിൻകര താലൂക്കിൽ നിരവധി സർക്കാർ അൺ എയ്ഡഡ് സ്കൂളുകളിലെ വാഹനങ്ങൾ നെല്ലിമൂട് ജംഗ്ഷൻ വഴിയാണ് കടന്നുപോകുന്നത്. സ്കൂൾ ബസുകൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ ഗ്രാമീണ റോഡുകളിലെ പൈപ്പ് ലൈൻ കുഴികൾ എത്രയും വേഗം നികത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
അതിയന്നൂർ പഞ്ചായത്ത് വാർഡിലുൾപ്പെടുന്ന നെല്ലിമൂട്ടിൽ റോഡിന് നടുവിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി എടുത്ത കുഴികളാണ് ഭീഷണിയുയർത്തുന്നത്. രണ്ട് വർഷത്തിലേറെയായി ഈയവസ്ഥ തുടരുന്നത്.
മരാമത്ത് അധികൃതരും വാട്ടർ അതോറിട്ടിയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ രേഖാമൂലം കത്ത് കൈമാറിയാണ് റോഡ് വെട്ടിപ്പൊളിച്ച് പൈപ്പുകൾ സ്ഥാപിക്കുന്നത്. എന്നാൽ സമയബന്ധിതമായി കുഴികളടക്കാനോ റോഡ് റീടാറിംഗ് നടത്താനോ അധികൃതർ തയ്യാറാവുന്നില്ല.
അപകടം പതിവാകുന്നു
താരതമ്യേന റോഡിന്റെ വീതിക്കുറവും അനധികൃതപാർക്കിംഗും കാരണം വഴിയാത്രക്കാർക്ക് നടക്കാനാകാത്ത സ്ഥിതിയാണ്. മഴയായാൽ കുഴികൾ തിരിച്ചറിയാനാകാത്ത അവസ്ഥയിൽ അപകടം സംഭവിക്കും.
കുഴികളുള്ള ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുപോലും മരാമത്ത് അധികൃതർ സ്ഥാപിച്ചിട്ടില്ല. രാത്രികാലങ്ങളിലെ സ്ഥിതി സങ്കീർണ്ണമാണ്. അമിതവേഗതയിലെത്തുന്ന വാഹനങ്ങൾ കുഴികളിലകപ്പെട്ട് തെന്നിവീഴുന്നത് പതിവാണ്. റോഡ് വീണ്ടുകീറിയ ഭാഗങ്ങളിലെ ടാറിംഗും ഒലിച്ചുപോകുന്നുണ്ട്.
നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാം
പൈപ്പ് ലൈൻ കുഴികളിൽ വീണ് അത്യാഹിതമോ ജീവഹാനിയോ സംഭവിച്ചാൽ ജീവനാംശം സർക്കാർ ഏജൻസികൾ നൽകേണ്ടിവരും.ഇത്തരം കേസുകളിൽ സുരക്ഷാ വീഴ്ച്ച വരുത്തിയ കരാറുകാരൻ ബന്ധപ്പെട്ട മരാമത്ത്- വാട്ടർ അതോറിട്ടി വകുപ്പുകൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെല്ലം വീഴ്ച്ച വരുത്തിയവരുടെ പട്ടികയിൽ കുറ്റക്കാരായി മാറും. കോടതി മുഖേനയും കൺസ്യൂമർ ഫോറം വഴിയും കേസ് ഫയൽ ചെയ്ത് നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാം.