പൂവൻപാറ പാലത്തിന് ഭീഷണിയായി ആൽമരങ്ങൾ
ആറ്റിങ്ങൽ: ദേശീയപാതയിൽ ആറ്റിങ്ങലിനും ആലംകോടിനുമിടയിലുള്ള പൂവമ്പാറ പാലത്തിൽ, നിരവധിയിടങ്ങളിൽ ആൽമരം വളർന്ന് ഭീഷണിയാകുന്നു. തിരുവനന്തപുരം - കൊല്ലം ദേശീയപാതയിലെ വളരെ പ്രധാനപ്പെട്ട പാലമാണിത്.നിത്യവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്.
ഒരു വർഷം മുൻപ് പാലത്തിന്റെ വശങ്ങളിൽ ഇരുമ്പ് വേലി സ്ഥാപിച്ചു.വേലി സ്ഥാപിച്ചതോടെ പാലത്തെ അധികൃതർ കൈയൊഴിഞ്ഞ മട്ടാണ്.ഇതോടെ പാലത്തിന്റെ ഫെൻസിംഗിലും കാട് കയറിയ നിലയിലാണ്.
നിലവിൽ പാലത്തിന്റെ ഇരുവശങ്ങളിലുമായി പത്തോളം ഭാഗത്ത് ആൽമരങ്ങൾ വളർന്ന് നിൽക്കുന്നുണ്ട്.ശിഖരങ്ങളോട് കൂടിയ ആൽമരങ്ങൾ നദിയുടെ കാഴ്ച തന്നെ മറയ്ക്കുന്ന നിലയിലാണിപ്പോൾ.പാലത്തിൽ കമ്പിവേലി സ്ഥാപിച്ച സമയത്ത് മുളച്ചുനിന്ന ആൽമരങ്ങൾ നീക്കം ചെയ്യാതിരുന്നതാണ് ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.പാലം നശിക്കുന്നതിന് മുൻപ് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.