ചൂടിന് ആശ്വാസമായി നഗരത്തിൽ മഴ

Friday 08 May 2026 1:46 AM IST

തിരുവനന്തപുരം: ചൂടിന് ആശ്വാസമായി നഗരത്തിൽ പരക്കെ കനത്ത മഴ.ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും കാരണമായി.ചിലയിടങ്ങളിൽ രാത്രിയും മഴ തുടർന്നു. നഗരത്തിലെ പല റോഡുകളിലും ചെറിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് വാഹന- കാൽനട യാത്രയ്ക്ക് ബുദ്ധിമുട്ടായി.മെഡിക്കൽ കോളേജ് -കുമാരപുരം റോഡിൽ മെൻസ് ഹോസ്റ്റൽ വളപ്പിൽ നിന്ന വാക മരത്തിന്റെ കൂറ്റൽ ശിഖരങ്ങൾ ഒടിഞ്ഞു വീണു.ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. ഇതേതുടർന്ന് പ്രദേശത്തെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു.റോഡരികിൽ പാർക്ക് ചെയ്തിരുന്ന കിയ കാറിന് മുകളിൽ ചില്ലകൾ വീണ് ചെറി നാശനഷ്ടമുണ്ടായി.ചാക്ക ഫയർ ഫോഴ്സ് സംഘം എത്തിയാണ് ശിഖരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.മഴയ്ക്ക് മുന്നോടിയായി വീശിയ കാറ്റിൽ വട്ടിയൂർക്കാവ് കാഞ്ഞിരംപാറ വി.കെ.പി നഗറിലും മരം ഒടിഞ്ഞു വീണു.ചെങ്കൽചൂളയിലെ ഫയർ ഫോഴ്സ് സംഘമാണ് ഇവിടെയെത്തി മുറിച്ചുമാറ്റിയത്. അറബിക്കടലിലെ ചക്രവാത ച്ചുഴിയുടെ സ്വാധീനത്തിൽ വരും ദിവസങ്ങളിൽ തിരുവനന്തപുരമടക്കമുള്ള ജില്ലകളിൽ കേന്ദ്രകാലാസ്ഥാവകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാദ്ധ്യത.