ഒരു കോടിയിലധികം യാത്രക്കാരുമായി സിയാൽ
തുടർച്ചയായ നാലാം തവണയും നേട്ടം
നെടുമ്പാശേരി: ആഗോള അനിശ്ചിതത്വങ്ങൾക്കിടെയിലും കൊച്ചി രാജ്യാന്തര വിമാനത്താവള ലിമിറ്റഡ് (സിയാൽ) തുടർച്ചയായ നാലാം വർഷവും ഒരു കോടിയിലധികം യാത്രക്കാർക്ക് യാത്രാസൗകര്യമൊരുക്കി.
കഴിഞ്ഞ സാമ്പത്തിക വർഷം 1,14,42,583 പേരാണ് സിയാൽ വഴി സഞ്ചരിച്ചത്. 73,134 വിമാന സർവീസുകളും കൈകാര്യം ചെയ്തു. 2025 മേയിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ(11,07,184). 54,01,939 പേർ അന്തർദേശീയ യാത്രക്കാരും 60,40,644 പേർ ആഭ്യന്തര യാത്രക്കാരുമായിരുന്നു. 31,505 അന്താരാഷ്ട്ര സർവീസുകളും 41,629 ആഭ്യന്തര സർവീസുകളും കൈകാര്യം ചെയ്തു.
പ്രതിസന്ധികൾ മറികടന്ന് കുതിപ്പ്
കഴിഞ്ഞ വർഷം അവസാന മാസങ്ങളിലെ വിമാനക്കമ്പനികളുടെ പ്രവർത്തന നിയന്ത്രണങ്ങളും ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ഗൾഫ് സംഘർഷവും മറികടന്നാണ് യാത്രക്കാരുടെ എണ്ണത്തിൽ 2.2 ശതമാനം വളർച്ച നേടിയത്. മറ്റെല്ലാ സമയത്തും സ്ഥിരതയാർന്ന യാത്രാ തിരക്ക് നിലനിർത്താനും സീസണുകളിലെ യാത്രക്കാരുടെ ഒഴുക്ക് കാര്യക്ഷമമായി കൈകാര്യം ചെയ്യാനുമായി.
അടിസ്ഥാനസൗകര്യ വികസനം നേട്ടമായെന്ന് എസ്. സുഹാസ്
സിയാൽ 2.0 പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ അടിസ്ഥാനസൗകര്യ വികസനവും യാത്രാസൗകര്യ വർദ്ധനയും പ്രവർത്തന കാര്യക്ഷമതയുമാണ് നേട്ടമായതെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് വ്യക്തമാക്കി.
സാങ്കേതികവിദ്യയുടെ പിന്തുണയോടെയുള്ള സേവനങ്ങളും വേഗമേറിയ പ്രോസസ്സിംഗ് സംവിധാനങ്ങളും യാത്രാനുഭവം കൂടുതൽ സൗകര്യപ്രദമാക്കി. പരീക്ഷണാടിസ്ഥാനത്തിൽ ഫുൾ ബോഡി സ്കാനറുകൾ നടപ്പിലാക്കിയതോടെ സുരക്ഷാ പരിശോധനകൾ കൂടുതൽ ആധുനികമായി.