അറ്റാദായത്തിൽ കുതിപ്പുമായി ബാങ്ക് ഒഫ് ബറോഡ

Saturday 09 May 2026 12:01 AM IST

കൊച്ചി: പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡയുടെ അറ്റാദായം ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ 11.25 ശതമാനം ഉയർന്ന് 5,615.68 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ ബാങ്കിന്റെ അറ്റാദായം 5,047.73 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം 1.4 ശതമാനം വർദ്ധനയോടെ 16,460 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 8.7 ശതമാനം ഉയർന്ന് 12,494 കോടി രൂപയായി. ആഭ്യന്തര നിക്ഷേപ സമാഹരണം 12.8 ശതമാനം വർദ്ധനയോടെ 14.01 ലക്ഷം കോടി രൂപയിലെത്തി. വായ്പാ വിതരണം 14.5 ശതമാനം ഉയർന്ന് 11.69 ലക്ഷം കോടി രൂപയായി. മൊത്തം നിഷ്ക്രിയ ആസ്തി 1.89 ശതമാനമായി കുറഞ്ഞു. ഓഹരിഉടമകൾക്ക് ഓഹരി ഒന്നിന് 8.5 രൂപ ലാഭവിഹിതവും ബാങ്കിന്റെ ഡയറക്‌ടർ ബോർഡ് പ്രഖ്യാപിച്ചു.