കാ​ർ​ഗോയിൽ​ ​ ​സി​യാൽ മികവ്

Sunday 10 May 2026 12:35 AM IST

നെടുമ്പാശേരി: പശ്ചിമേഷ്യയിലെ പ്രതിസന്ധിയിലും കാർഗോ കൈകാര്യത്തിൽ പത്ത് ശതമാനം വളർച്ചയോടെ കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ(സിയാൽ) മികച്ച പ്രകടനം. ഗൾഫിലേക്ക് കയറ്റുമതി സുഗമമാക്കാൻ ആവിഷ്‌കരിച്ച പദ്ധതികളാണ് നേട്ടമായത്.

കഴിഞ്ഞ സാമ്പത്തിക വർഷം സിയാൽ 72,178 മെട്രിക് ടൺ കാർഗോ കൈകാര്യം ചെയ്തു. ഇതിൽ 76 ശതമാനം അന്താരാഷ്ട്ര കാർഗോയാണ്. മൊത്തം കാർഗോ വരുമാനം 52.84 കോടി രൂപയായി ഉയർന്നു. ഭാവിയിലെ സാദ്ധ്യതകൾ മുന്നിൽ കണ്ട് ദക്ഷിണേന്ത്യയിലെ മികച്ച എയർ കാർഗോ ലോജിസ്റ്റിക്‌സ് കവാടമായി സിയാൽ വളരുകയാണെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.

ഡെഡിക്കേറ്റഡ് ട്രക്കിംഗ് സെന്റർ

കാർഗോ ഗതാഗതവും ലോജിസ്റ്റിക്‌സ് ശൃംഖലയും ശക്തിപ്പെടുത്താൻ'ഡെഡിക്കേറ്റഡ് ട്രക്കിംഗ് സെന്റർ' സിയാൽ ആരംഭിച്ചു. ദീർഘ, ഹ്രസ്വദൂര കാർഗോ ട്രക്കുകൾക്കായി പ്രത്യേക പാർക്കിംഗ്, മൂവ്‌മെന്റ് ഏരിയകൾ, ഡ്രൈവർമാർക്കുള്ള സൗകര്യങ്ങൾ, വാഹന പാർക്കിംഗ് മേഖലകൾ എന്നിവയടങ്ങിയതാണ് കേന്ദ്രം.

ശേഷി കൂടുന്നു

എക്‌സ്‌പോർട്ട് കാർഗോ വെയർഹൗസ് വികസിപ്പിച്ചതോടെ വാർഷിക കാർഗോ കൈകാര്യം ശേഷി 1,25,000 മെട്രിക് ടണ്ണായി. ഇത്തിഹാദ് എയർവേയ്‌സ്, നാഷണൽ എയർലൈൻസ്, സോലിറ്റ് എയർ ഏവിയേഷൻ സർവീസസ്, എസ്.എം.ബി പ്രൈവറ്റ് കാർഗോ ചാർട്ടേഴ്‌സ്, ഫ്‌ളൈ വായു, എമിറേറ്റ്‌സ്, കുവൈറ്റ് എയർവേയ്‌സ്, ഗൾഫ് എയർ, മാൽഡീവിയൻ, സൗദിയ, എയർ അറേബ്യ, ജസീറ എയർവേയ്‌സ് തുടങ്ങിയ വിമാനക്കമ്പനികളാണ് കാർഗോ സർവീസുകൾ നടത്തുന്നത്.