പ്രവാസികൾക്ക് സന്തോഷവാർത്ത; നാളെ മുതൽ നിങ്ങൾ ആഗ്രഹിച്ചത് നടക്കാൻ പോകുന്നു, അറിയിപ്പുമായി ഇന്ത്യൻ എംബസി

Thursday 30 April 2026 10:10 AM IST

ദോഹ: ഖത്തറിലെ പ്രവാസികൾക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ വിമാനക്കമ്പനികൾ. പശ്ചിമേഷ്യൽ സംഘർഷത്തെക്കുടർന്ന് നിർത്തിവച്ച ഇന്ത്യ - ഖത്തർ വിമാന സർവീസുകൾ പുനഃരാരംഭിക്കാൻ പോവുകയാണ്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്, ഇൻഡിഗോ എന്നീ വിമാനക്കമ്പനികളാണ് രണ്ട് മാസത്തിന് ശേഷം സർവീസുകൾ പൂർണമായും പുനഃരരാരംഭിക്കുന്നത്.

ദോഹയിലെ ഇന്ത്യൻ എംബസി എക്‌സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 'ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാനക്കമ്പനിയുടെ സർവീസുകൾ വീണ്ടും ആരംഭിക്കുന്നു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്, ഇൻഡിഗോ എന്നിവ 2026 മെയ് ഒന്ന് മുതൽ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ പുനഃരാരംഭിക്കും. ടിക്കറ്റ് വിമാനക്കമ്പനികളുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി ബുക്ക് ചെയ്യാം', എന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

നേരത്തേ മേഖലയിലെ സംഘർഷത്തെത്തുടർന്ന് ഖത്തർ വ്യോമപാത അടിച്ചിരുന്നു. നിലവിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസുകൾ പുനഃരാരംഭിക്കാൻ പോകുന്നത്. ഈ പുതിയ തീരുമാനം മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരായ പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ്. സംഘർഷം കാരണം സർവീസുകൾ കുറഞ്ഞതോടെ നാട്ടിലെത്താൻ പലർക്കും വൻ തുകയാണ് ചെലവാക്കേണ്ടി വന്നത്. ഇന്ത്യൻ വിമാനങ്ങളുടെ സർവീസ് ആരംഭിക്കുന്നതോടെ നാട്ടിൽ നിന്ന് മടങ്ങുന്നവർക്ക് ആശ്വാസമാകും. മറ്റ് വിമാനക്കമ്പനികളെ അപേക്ഷിച്ച് ഇന്ത്യൻ വിമാനങ്ങളിൽ ടിക്കറ്റ് നിരക്ക് കുറവായിരിക്കും. ഫെബ്രുവരി 28 മുതലാണ് വിമാനസർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.