വാരാന്ത്യത്തോടെ യുഎഇയുടെ അന്തരീക്ഷം മാറുന്നു; പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
അബുദാബി: ഇന്നുമുതൽ മുതൽ ഏപ്രിൽ 22 ബുധനാഴ്ച വരെ യുഎഇയിലുടനീളം താരതമ്യേന അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആകാശം മേഘാവൃതമായിരിക്കുമെന്നും വാരാന്ത്യത്തിൽ താപനില ഉയരുമെന്നും ശക്തമായ കാറ്റുവീശാനിടയുണ്ടെന്നും അറിയിപ്പുണ്ട്.
ഇന്നുരാത്രിയോടെ തീരപ്രദേശങ്ങളിലും ദ്വീപുകളിലും മേഘാവരണം ക്രമേണ വർദ്ധിക്കുമെന്നും ആഴ്ചയുടെ മദ്ധ്യത്തോടെ കൂടുതൽ അസ്ഥിരമായ രീതിയിലേക്ക് മാറുമെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും പൊടിക്കാറ്റും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പടിഞ്ഞാറ് - കിഴക്കൻ പ്രദേശങ്ങളിൽ മഴ പെയ്യാനും സാദ്ധ്യതയുണ്ട്. കൂടാതെ താപനിലയിൽ ഗണ്യമായ കുറവും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാദ്ധ്യത. ഇക്കാരണങ്ങളാൽ അറേബ്യൻ ഗൾഫിൽ ചില സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ കാരണമാകുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അതേസമയം ഒമാൻ കടൽ താരതമ്യേന ശാന്തമായിരിക്കുമെന്നാണ് അറിയിപ്പ്.