ഐസിസ് ബന്ധം, പാകിസ്ഥാനുവേണ്ടി പ്രവർത്തിച്ചിരുന്ന രണ്ട് ഭീകരർ പിടിയിൽ; പദ്ധതിയിട്ടത് വൻ സ്‌ഫോടനങ്ങൾ

Thursday 07 May 2026 6:55 AM IST

ലക്‌നൗ: ഐസിസ് ബന്ധമുള്ള പാകിസ്ഥാൻ സംഘത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന രണ്ട് ഭീകരർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആണ് ഇരുവരെയും പിടികൂടിയത്. കുശിനഗർ സ്വദേശി കൃഷ്ണ മിശ്ര (20), ബരാബങ്കി സ്വദേശി ഡാനിയൽ അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. പൊലീസ് സ്റ്റേഷനുകളിലും രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലും സ്‌ഫോ‌ടനം നടത്താൻ ഇരുവരും പദ്ധതിയിട്ടിരുന്നതായി എടിഎസ് അറിയിച്ചു.

ഐസിസ് ബന്ധമുള്ള ഗുണ്ടാനേതാവായ ഷഹ്‌സാദ് ഭാട്ടിക്കുവേണ്ടി ഇരുവരും പ്രവർത്തിക്കുന്നതായി എടിഎസിന് വിവരം ലഭിച്ചതാണ് നിർണായകമായത്. സോഷ്യൽ മീഡിയയിലൂടെയും പണമി‌ടപാട് സംവിധാനങ്ങളിലൂടെയും യുവാക്കളെ സ്വാധീനിക്കാനും ഇവർ ശ്രമിച്ചിരുന്നു. ഡാനിയലിന്റെ ഫോണിൽ അനേകം പാകിസ്ഥാനി ഗുണ്ടാനേതാക്കളുടെ ഫോൺ നമ്പറുകളും കണ്ടെത്തി.

ഐസിസ് സംഘങ്ങളുമായി ബന്ധമുള്ള വീഡിയോകളും വോയിസ് സന്ദേശങ്ങളും ഫോണിൽ നിന്ന് ലഭിച്ചു. മറ്റൊരു സംസ്ഥാനത്തെ പൊലീസ് സ്റ്റേഷന്റെ വീഡിയോകളും ലൊക്കേഷനും ഇവർ അയച്ചതായി എടിഎസ് കണ്ടെത്തി. പാക് ഗുണ്ടാസംഘങ്ങളിൽ നിന്ന് ഇവർ ആയുധങ്ങളും ആവശ്യപ്പെട്ടിരുന്നു. കൃഷ്ണ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതിന്റെ തെളിവുകളും എടിഎസിന് ലഭിച്ചു. ഇവരുടെ പക്കൽ നിന്ന് പിസ്റ്റളുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.