ഭേദഗതികൾ വിവേചനപരം: വഖഫ് ബില്ലിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയിൽ ഹർജി നൽകി
ന്യൂഡൽഹി : പാർലമെന്റ് പാസാക്കിയ വഖഫ് ബില്ലിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയിൽ ഹർജി നൽകി. ബീഹാറിൽ നിന്നുള്ള എം.പിയും കോൺഗ്രസ് വിപ്പുമായ മുഹമ്മജ് ജാവേദാണ് ഹർജി ഫയൽ ചെയ്തത്. ബിൽ ഭരണഘടന നൽകുന്ന മൗലീകാവകാശങ്ങൾ ലംഘിക്കുന്നുവെന്നും ഭേദഗതികൾ വിവേചനപരമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇതേ വിഷയം ഉന്നയിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസിയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
രാജ്യസഭയിലും ലോക്സഭയിലും പാസായ ബില്ല് രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവയ്ക്കുന്നതോടെ വൈകാതെ നിയമമാകും. ഇതിനിടെയാണ് ബില്ലിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ബിൽ പരിഗണിച്ച ജെ.പി.സി അംഗമായിരുന്നു മുഹമ്മദ് ജാവേദ്. ബില്ലിലെ ഭേദഗതികൾ വഖഫ് സ്ഥാപനങ്ങൾഘക്ക് മേൽ ഭരണകൂടത്തിന്റെ നിയന്ത്രണം ആനുപാതികമല്ലാതെ വർദ്ധിപ്പിക്കുന്നതാണെന്ന് ഹർജിയിൽ കുറ്റപ്പെടുത്തുന്നു. ഭേദഗതികൾ ഭരണഘടനയുടെ 14, 25, 26, 29, 300 എ വകുപ്പുകളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.
കൂടുതൽ പാർട്ടികൾ ബില്ലിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുഹമ്മദ് ജാവേദ് പറഞ്ഞു. പാർലമെന്റിൽ എല്ലാവരും ബില്ലിനെ എതിർത്തു. ഭരണഘടനാവിരുദ്ധമാണെന്ന് വ്യക്തമാക്കി. സഭയിൽ ഭൂരിപക്ഷം ഉണ്ടെന്ന് കരുതി, നിങ്ങൾക്ക് ആവശ്യമുള്ള നിയമവിരുദ്ധമായതെന്തും പാസാക്കാമോയെന്നുംഅദ്ദേഹം ചോദിച്ചു.