ഒന്നല്ല, മൂന്നു തവണ ഡൽഹി ഹൈക്കോടതി സിറ്റിംഗിനിടെ അശ്ലീല വീഡിയോ
വീഡിയോ കോൺഫറൻസിംഗ് മുഖേന സിറ്രിംഗ് നടക്കുന്നതിനിടെ
യു.എസിൽ നിന്നുള്ള ഹാക്കിംഗെന്ന് അശരീരി
ന്യൂഡൽഹി: വീഡിയോ കോൺഫറൻസിംഗ് മുഖേന സിറ്രിംഗ് നടക്കുന്നതിനിടെ മൂന്നുവട്ടം നഗ്ന വീഡിയോ പ്ലേ ചെയ്‌തത് ഡൽഹി ഹൈക്കോടതിയെ ആശങ്കയിലാക്കി. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാദ്ധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരുടെ ഡിവിഷൻ ബെഞ്ച് രാവിലെ സിറ്റിംഗ് നടത്തുന്നതിനിടെയാണ് സംഭവം. 'ഷിറ്റ്ജീത് സിംഗ്' എന്ന പേര് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. പിന്നാലെ നഗ്നദൃശ്യങ്ങൾ. കോടതി ജീവനക്കാർ ഉടൻ ഓൺലൈൻ സംവിധാനം ഷട്ട്ഡൗൺ ചെയ്‌തു. കുറച്ചുസമയം കഴിഞ്ഞ് ഓണാക്കി. രണ്ടാമതും വീഡിയോ പ്ലേ ആയി. പിന്നാലെ ഷട്ട് ഡൗൺ. വീണ്ടും പ്രവർത്തിപ്പിച്ചപ്പോൾ അജ്ഞാത ശക്തി മൂന്നാമതും വീഡിയോ പ്ലേ ചെയ്‌തു. 'നിങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. യുഎസിൽ നിന്നുള്ള ഹാക്കിംഗാണ്. വീഡിയോ കോൺഫറൻസിംഗ് ഉടൻ നിറുത്തിവയ്‌ക്കണം. ഓണാക്കരുത്' - എന്ന് ശബ്ദസന്ദേശം. ഹൈക്കോടതി ഭരണവിഭാഗം പരാതി നൽകിയതിനെ തുടർന്ന് ഡൽഹി പൊലീസിലെ സൈബർ ക്രൈം വിഭാഗം അന്വേഷണം തുടങ്ങി. സുരക്ഷാ വീഴ്ചയെന്നാണ് വിലയിരുത്തൽ.