'ബംഗാളിലെ ജനങ്ങളുടെ ശക്തിക്കുമുന്നിൽ താണുവണങ്ങുന്നു'; സാഷ്‌ടാംഗം പ്രണമിച്ച് മോദി, വീഡിയോ

Saturday 09 May 2026 3:24 PM IST

കൊൽക്കത്ത: ബംഗാളിൽ ബിജെപിക്ക് ആദ്യമായി അധികാരം നൽകിയതിന് ജനങ്ങളെ താണുവണങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയായിരുന്നു മോദിയുടെ നന്ദി പറച്ചിൽ. സുവേന്ദു അധികാരി, മറ്റ് അഞ്ച് മന്ത്രിമാർ എന്നിവർക്ക് മുന്നിലായി നിന്ന് ആദ്യം മോദി ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്തു. തുടർന്ന് മുട്ടുകുത്തി നിന്ന മോദി വേദിക്ക് മുന്നിലിരുന്ന കാണികളെ താണുവണങ്ങുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി തന്നെ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ കേന്ദ്രമന്ത്രി അമിത് ഷായും എൻഡിഎ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഗവർണർ ആർ.എൻ. രവി ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ, അശോക് കിർത്താനിയ, ഖുദിറാം ടുഡു, നിതിഷ് പ്രമാണിക് എന്നിവരാണ് സുവേന്ദു അധികാരിക്കൊപ്പം ചുമതലയേറ്റ മന്തിമാർ. 294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടിയാണ് ബിജെപി തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണം അവസാനിപ്പിച്ച് അധികാരത്തിൽ വന്നത്.