ഇനി 'ജന നായകൻ'; തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും
ചെന്നൈ ; അനിശ്ചിതത്വങ്ങൾക്കൊടുവിൽ ടി.വി.കെ അദ്ധ്യക്ഷൻ ദളപതി വിജയ് നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നാളെ രാവിലെ പത്ത് മണിക്ക് ചെന്നൈ നെഹ്റു സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. 108 സീറ്റിൽ നിന്ന് 12എം.എൽ.എമാരുടെ പിന്തുണ വിജയ് ഉറപ്പിച്ചതോടെ കൂടിക്കാഴ്ചയ്ക്കായി ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്ക്ക് സമയം അനുവദിക്കുകയായിരുന്നു. തുടർന്ന് വൈകിട്ട് ആറരയോടെ ലോക്ഭവനിലെത്തിയ വിജയ് 120 എം.എൽ.എമാരുടെ പിന്തുണക്കത്ത് ആർലേക്കർക്ക് കൈമാറി. 13നകം വിജയ് സഭയിൽ ഭൂരിപക്ഷം തെളിയിക്കണം.
ഇതു നാലാം വട്ടമാണ് വിജയ് സത്യപ്രതിജ്ഞയ്ക്ക് അനുവാദം തേടിയെത്തുന്നത്. ഇന്ന് രാത്രി 7.15ന് തിരുവനന്തപുരത്തേക്ക് മടങ്ങാൻ ഗവർണർ തീരുമാനിച്ചിരുന്നതിനാൽ വിജയ്യെ കാണാനാകില്ലെന്ന നിലപാടിലായിരുന്നു വൈകിട്ട് 4 വരെ ലോക്ഭവൻ. വീട്ടിൽ നിന്നു പുറപ്പെട്ട വിജയ് പാതിവഴിയിൽ മടങ്ങുകയും ചെയ്തു. എന്നാൽ, കുറച്ചു നേരത്തിനു ശേഷം ആർലേക്കർ യാത്ര റദ്ദാക്കി വിജയ്യെ ക്ഷണിച്ചു. പിന്തുണ നൽകിയ പാർട്ടി നേതാക്കൾക്കൊപ്പമാണ് വിജയ് ലോക്ഭവനിൽ എത്തിയത്. നാളെ വൈകിട്ട് 3.15നായിരുന്നു ആദ്യം സത്യപ്രതിജ്ഞ തീരുമാനിച്ചിരുന്നത് എങ്കിലും ഗവർണറുടെ സൗകര്യം പരിഗണിച്ചാണ് രാവിലെയാക്കിയത്.
ഇന്ന് രണ്ട് എം.എൽഎമാർ വീതമുള്ള വി.സി.കെയുടെയും മുസ്ലിം ലീഗിന്റെയും കത്ത് കിട്ടിയതോടെയാണ് ടി.വി.കെയ്ക്കുള്ള പിന്തുണ 120 ആയത്. കേവല ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണ മതി. ടി.വി.കെയ്ക്ക് 107 സീറ്റാണ്. അഞ്ച് അംഗങ്ങളുള്ള കോൺഗ്രസും രണ്ടുപേർ വീതമുള്ള സി.പി.എമ്മും സി.പി.ഐയും നേരത്തേ പിന്തുണ അറിയിച്ചിരുന്നു. കോൺഗ്രസ് മാത്രമേ മന്ത്രിസഭയിൽ ചേരുന്നുള്ളൂ.