വനിതാ സംവരണ ബില്‍; വാദവും മറുവാദവും

Tuesday 28 April 2026 11:16 AM IST

ന്യൂഡൽഹി: ലോക്‌സഭയുടെ അംഗബലം 543ല്‍ നിന്ന് ഉയര്‍ത്തി 850 ആക്കാനും അതില്‍ 33 ശതമാനം വനിതകള്‍ക്കായി സംവരണം ചെയ്യാനും ലക്ഷ്യമിട്ട 131-ാം ഭരണഘടനാ ഭേദഗതി ബില്‍ അവശ്യപിന്തുണ ലഭിക്കാതെ പരാജയപ്പെട്ടിരിക്കുകയാണ്. സഭയില്‍ ഹാജരായി വോട്ടുചെയ്യുന്ന അംഗങ്ങളില്‍ മൂന്നില്‍ രണ്ടുപേരുടെ പിന്തുണ ലഭിച്ചാലെ ഭരണഘടനാഭേദഗതി പാസാക്കാന്‍ കഴിയുകയുള്ളൂ.

2011ലെ കാനേഷുമാരിയിലെ ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്താനായിരുന്നു സര്‍ക്കാര്‍ വ്യവസ്ഥ. എന്നാല്‍ 2011ലെ ജനസംഖ്യാ കണക്ക് അടിസ്ഥാനമാക്കുമ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകള്‍ ഗണ്യമായി കൂടുകയും ജനസംഖ്യാനിയന്ത്രണത്തില്‍ പുരോഗതി കൈവരിച്ച കേരളം, തമിഴ്‌നാട് പോലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ആനുപാതികമായ നഷ്‌ടമുണ്ടാകുകയും ചെയ്യുമെന്ന വാദമാണ് പ്രതിപക്ഷമുയര്‍ത്തിയത്.

ഈ അവസ്ഥ ഒഴിവാക്കാന്‍ 50 ശതമാനമെന്ന ഒരേ അനുപാതത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ലോക്‌സഭാ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വാഗ്‌ദാനം നല്‍കിയെങ്കിലും ബില്ലില്‍ അത്തരം വ്യവസ്ഥ ഇല്ലാത്തതുകൊണ്ട് വാക്കാലുള്ള ഉറപ്പ് പ്രതിപക്ഷം സ്വീകരിക്കുകയുണ്ടായില്ല. ബില്‍ പരാജയപ്പെടുകയും ചെയ്തു.

രാജ്യത്ത് ജനസംഖ്യാ വര്‍ദ്ധനവ് വെല്ലുവിളിയല്ലാതിരുന്നൊരു കാലത്താണ് സംസ്ഥാനങ്ങള്‍ക്കിടയില്‍ ലോക്‌സഭാ സീറ്റുകള്‍ ജനസംഖ്യാനുപാതികമായി വിഭജിക്കണമെന്ന് ഭരണഘടന വ്യവസ്ഥ ചെയ്തത്. ജനസംഖ്യാ നിയന്ത്രണത്തെ രാജ്യത്തിന്റെ വികസന ലക്ഷ്യത്തിന്റെ ഭാഗമായി കാണാന്‍ തുടങ്ങിയതോടെ 1976 മുതല്‍ രണ്ട് തവണയായി 50 വര്‍ഷത്തേക്ക് ജനസംഖ്യാടിസ്ഥാനത്തിലുള്ള ലോക്‌സഭാ സീറ്റ് വര്‍ദ്ധന കേന്ദ്രം മരവിപ്പിക്കുകയായിരുന്നു. ലോക്‌സഭയുടെയും നിയമസഭക ളുടെയും ഇപ്പോഴത്തെ അംഗബലം നിലനിര്‍ത്തിക്കൊണ്ട് വനിതാ സംവരണം നടപ്പിലാക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന വാദം.

വനിതാ സംവരണബില്ലുകള്‍ ഏപ്രില്‍ 17 വെള്ളിയാഴ്ച 2026ന് സഭയില്‍ പരാജയപ്പെട്ടെങ്കിലും ഏപ്രില്‍ 16ന് നിയമം പ്രാബല്യത്തില്‍ വരുമെന്ന രീതിയില്‍ കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനമിറക്കിയതോടെ നിയമം സാധൂകരിക്കപ്പെട്ടിരിക്കുകയാണ്. 2023 സെപ്‌തംബറില്‍ വനിതാ സംവരണം നിയമമായെങ്കിലും അത് പ്രാബല്യത്തിലായിരുന്നില്ല. വിജ്ഞാപനം ഇറക്കിയതോടെ 2023ലെ വനിതാ സംവരണ നിയമം നിലനില്‍ക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. 2027ലെ സെന്‍സസ് പൂര്‍ത്തിയാക്കിയശേഷം നടക്കുന്ന മണ്ഡല പുനര്‍നിര്‍ണയം അടിസ്ഥാനമാക്കി 2029ലെ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാക്കാനാണ് നിയമം അനുശാസിക്കുന്നത്. 2023ലെ വനിതാ സംവരണ നിയമം പ്രാബല്യത്തിലാക്കിയതോടെ വനിതാ സംവരണം ഭരണഘടനാപരമായ അനിവാര്യതയായി മാറിയിരിക്കുകയാണ്.

രാജ്യത്ത് ഇപ്പോള്‍ സ്ത്രീ പ്രാതിനിധ്യം 13. 63 ശതമാനം മാത്രമാണ്. 2019ലെ സഭയിലാണ് ഏറ്റവും ഉയര്‍ന്ന വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്നത്. എങ്കിലും ലോക്‌സഭയിലെ വനിതാ പ്രാതിനിധ്യം ഘട്ടംഘട്ടമായി ഉയരുന്നുവെന്നത് പ്രത്യാശ നല്‍കുന്നു. നിലവിലെ സഭയില്‍ കൂടുതല്‍ വനിതാ എംപിമാര്‍ പശ്ചിമബംഗാളില്‍ നിന്നാണ് (11 പേര്‍). അതേസമയം, കേരളത്തില്‍ നിന്ന് ഒരു വനിതാ അംഗം പോലുമുണ്ടായിരുന്നില്ല. വയനാട്ടില്‍ നിന്ന് ജയിച്ച രാഹുല്‍ഗാന്ധി രാജിവച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി വിജയിച്ചതോടെയാണ് കേരളത്തിന് പേരിന് ഒരു വനിതാ എംപിയുണ്ടായത്.

ഇന്ത്യയിലെ ഇപ്പോഴുള്ള എംഎല്‍എമാരുടെ കണക്കെടുത്താലും സ്ത്രീ പ്രാതിനിധ്യം വെറും 9.5 ശതമാനം മാത്രമാണെന്ന് കാണാം. മത്സരരംഗത്തും സ്ത്രീപ്രാതിനിധ്യം വളരെ കുറവാണ്. എന്നാല്‍ 50 ശതമാനം വരെ സ്ത്രീ പ്രാതിനിധ്യം ഉയര്‍ത്താന്‍ ചില സംസ്ഥാനങ്ങള്‍ തയ്യാറായതിനാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സ്ത്രീ പ്രാതിനിധ്യം വർദ്ധിച്ചിട്ടുണ്ട്.

ലോക്‌സഭയില്‍ വനിതാ സംവരണ ബില്ലിന്റെ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്, വനിതാ സംവരണ ബില്‍ പാസാക്കിയില്ലെങ്കില്‍ രാജ്യത്തെ സ്ത്രീ സമൂഹം മാപ്പുതരില്ല. വനിതാ സംവരണ ഭേദഗതി, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ നടപ്പാക്കുമ്പോള്‍ ആനുപാതിക പ്രാതിനിധ്യത്തിന് ഒരു മാറ്റവും ഉണ്ടാകില്ല. രാജ്യത്തെ നാരീശക്തി സഭയെ ഉറ്റുനോക്കുകയാണ്. ബില്ലിനെ എതിര്‍ക്കുന്നത് പ്രതിപക്ഷത്തിന്റെ സ്വയം നാശത്തിനാണ് എന്നാണ്.

വനിതാ സംവരണ ബില്ലിന് ഏകദേശം മൂന്ന് പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്. മൂന്ന് പതിറ്റാണ്ടിനിടയിലെ പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ പലപ്പോഴായി ബില്ല് വന്നുപോയെങ്കിലും യാഥാര്‍ത്ഥ്യമായില്ല. ഇപ്പോള്‍ വീണ്ടും ബില്‍ പരാജയപ്പെട്ടതോടെ 2029 പൊതുതിരഞ്ഞെടുപ്പിലായിരിക്കും വനിതാ സംവരണം നടപ്പാവാന്‍ സാദ്ധ്യത.

ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ കഴിവും നേതൃപാടവവുമാണ് നേതാക്കളെ രൂപപ്പെടുത്തേണ്ടത്. എന്നാല്‍ വര്‍ഗീയതയും പുരുഷാധിപത്യ മനോഭാവങ്ങളും പലപ്പോഴും നേതൃനിരയിലേക്കുള്ള വനിതകളുടെ വരവിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഈ പ്രതികൂലാവസ്ഥകളെ തരണം ചെയ്യുന്നതിനും സ്ത്രീപങ്കാളിത്തവും പ്രാതിനിധ്യവും സമസ്‌തമേഖലകളിലും ഉറപ്പാക്കുന്നതിനും സ്ത്രീ സംവരണം അത്യന്താപേക്ഷിതമാണ്. കാലഘട്ടത്തിന്റെ ആവശ്യം കൂടിയായ വനിതാ പ്രാതിനിധ്യത്തെ ഏറെക്കാലം മാറ്റിനിര്‍ത്തുന്നത് ഒരു ജനാധിപത്യരാജ്യത്തിന്റെ സമത്വ സങ്കൽപ്പങ്ങൾക്ക് അഭിലഷണീയമല്ല.

( ഫൊക്കാന മുൻപ്രസിഡന്റും നാമം ( യു.എസ്.എ) ഫൗണ്ടർ പ്രസിഡൻ്റുമാണ് ലേഖകൻ)