ഫിന്‍ അലന്‍ ഷോ, ഡല്‍ഹിക്ക് മേല്‍ പാഞ്ഞ് കയറി കൊല്‍ക്കത്ത, എട്ട് വിക്കറ്റ് ജയം

Friday 08 May 2026 10:48 PM IST

ന്യൂഡല്‍ഹി: ഐപിഎല്‍ സീസണില്‍ തുടര്‍ച്ചയായി മൂന്നാം ജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് മുന്‍ ചാമ്പ്യന്‍മാര്‍ സ്വന്തമാക്കിയത്. 143 റണ്‍സ് വിജയലക്ഷ്യം 14.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് കെകെആര്‍ മറികടന്നത്. 47 പന്തുകളില്‍ നിന്ന് സെഞ്ച്വറി നേടി പുറത്താകാതെ നിന്ന കിവീസ് ബാറ്റര്‍ ഫിന്‍ അലന്‍ ആണ് കൊല്‍ക്കത്തയ്ക്ക് അനായാസ ജയമൊരുക്കിയത്. ഒമ്പത് പോയിന്റുമായി പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് ഉയരാനും അവര്‍ക്ക് കഴിഞ്ഞു.

ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ 13(9), യുവതാരം അന്‍ക്രിഷ് രഘുവംശി 1(3) എന്നിവരുടെ വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. 10 സിക്‌സറുകളും അഞ്ച് ബൗണ്ടറികളും സഹിതം 100 റണ്‍സാണ് പുറത്താകാതെ നിന്ന അലന്റെ സമ്പാദ്യം. ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ 33*(27) അലന് മികച്ച പിന്തുണ നല്‍കി. ഡല്‍ഹിക്ക് വേണ്ടി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റ് വീഴ്ത്തി. തോല്‍വിയോടെ ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് വീണു.

ആദ്യം ബാറ്റ് ചെയ്ത ക്യാപിറ്റല്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സില്‍ ഒതുങ്ങി. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന് ശേഷം മദ്ധ്യനിര പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്.ഏഴാമനായി ക്രീസിലെത്തി അഷുതോഷ് ശര്‍മ്മ നടത്തിയ ചെറുത്തുനില്‍പ്പാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് ടീമിനെ എത്തിച്ചത്.

പാത്തും നിസംഗ 50(29), കെഎല്‍ രാഹുല്‍ 23(14) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. 49 റണ്‍സാണ് ഈ സഖ്യം അടിച്ചെടുത്തത്. എട്ട് ഓവറില്‍ 74ന് ഒന്ന് എന്ന മികച്ച നിലയില്‍ നിന്നതിന് ശേഷമാണ് ക്യാപിറ്റല്‍സ് ബാറ്റിംഗ് തകര്‍ച്ച നേരിട്ടത്. നിതീഷ് റാണ 8(10), സമീര്‍ റിസ്വി 3(7), ട്രിസ്റ്റന്‍ സ്റ്റബ്സ് 2(4) എന്നിവര്‍ പെട്ടെന്ന് പുറത്തായി. ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ 11(22), അഷുതോഷ് ശര്‍മ്മ 39(28) എന്നിവര്‍ ചേര്‍ന്നാണ് സ്‌കോര്‍ 100 കടത്തിയത്.

വിപ്രാജ് നിഗം മൂന്ന് റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 0(2), ലുങ്കി എങ്കിഡി 1*(1) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. കൊല്‍ക്കത്തയ്ക്കായി അനുകൂല്‍ റോയ്, കാര്‍ത്തിക് ത്യാഗി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ വൈഭവ് അറോറ, സുനില്‍ നരെയ്ന്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.