യൂറോപ്പ ലീഗ് : ആസ്റ്റൺ വില്ലയും ഫ്രേയ്ബർഗും ഫൈനലിൽ

Friday 08 May 2026 11:51 PM IST

ലണ്ടൻ : യൂറോപ്പിലെ രണ്ടാം ഡിവിഷൻ ഫുട്ബാൾ ലീഗായ യൂറോപ്പ ലീഗിന്റെ ഫൈനലിൽ ഇംഗ്ളീഷ് ക്ളബ് ആസ്റ്റൺ വില്ലയും ജർമ്മൻ ക്ളബ് ഫ്രേയ്ബർഗും ഏറ്റുമുട്ടും. കഴിഞ്ഞദിവസം പൂർത്തിയായ സെമിഫൈനലുകളിൽ ആസ്റ്റൺ വില്ല സ്വന്തം നാട്ടുകാരായ നോട്ടിംഗ്ഹാമിനെയും ഫ്രേയ്ബർഗ് പോർച്ചുഗീസ് ക്ലബ് സ്പോർടിംഗ് ബ്രാഗയേയുമാണ് കീഴടക്കിയത്. ഈ മാസം 21ന് ഇസ്താംബുളിലാണ് ഫൈനൽ. ആദ്യ പാദ സെമിയിൽ നോട്ടിംഗ്ഹാമിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റിരുന്ന ആസ്റ്റൺ വില്ല മറുപടിയില്ലാത്ത നാലുഗോളുകൾക്ക് രണ്ടാം പാദത്തിൽ വിജയിച്ചാണ് ഫൈനലിലേക്കുള്ള ടിക്കറ്റെടുത്തത്. ആസ്റ്റൺ വില്ലയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ജോൺ മക്ഗിന്നിന്റെ ഇരട്ട ഗോളുകളും ഒല്ലീ വാറ്റ്കിൻസ്, എമി ബ്യുയേൻഡിയ എന്നിവരുടെ ഓരോ ഗോളുമാണ് വിധിയെഴുതിയത്. 36-ാം മിനിട്ടിൽ വാറ്റ്കിൻസിലൂടെയാണ് ആതിഥേയർ സ്കോറിംഗ് തുടങ്ങിയത്. 58-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ എമി ലീഡുയർത്തി. 70,80 മിനിട്ടുകളിലായിരുന്നു മക്ഗിന്നിന്റെ ഗോളുകൾ.

ആസ്റ്റൺ വില്ലയെപ്പോലെ ആദ്യ പാദ സെമിയിൽ തോറ്റിരുന്നവരാണ് ഫ്രേയ്ബർഗും. 2-1ന്റെ ആദ്യ പാദ ജയവുമായി വന്ന ബ്രാഗയെ രണ്ടാംപാദത്തിൽ 3-1ന് കീഴടക്കിയാണ് ഫ്രേയ്ബർഗ് ഫൈനൽ ടിക്കറ്റ് ബുക്ക് ചെയ്തത്. ആറാം മിനിട്ടിൽ മാരിയോ ഡോർജ്ലെസിനെ ചുവപ്പുകാർഡിലൂടെ നഷ്ടമാതാണ് ബ്രാഗയ്ക്ക് തിരിച്ചടിയായത്. ഫ്രേയ്ബർഗിനായി ലൂക്കാസ് ക്യൂബ്ളർ 19,72 മിനിട്ടുകളിൽ സ്കോർ ചെയ്തു. 41-ാം മിനിട്ടിൽ യൊഹാൻ മൻസാംബിയും സ്കോർ ചെയ്തു.79-ാം മിനിട്ടിൽ പാവു വിക്ടർ ഒരുഗോൾ തിരിച്ചടിച്ചെങ്കിലും ഫൈനലിലെത്താൻ അത് മതിയാകുമായിരുന്നില്ല.

സെമിഫൈനൽ മത്സരഫലങ്ങൾ

ആദ്യ പാദം

ആസ്റ്റൺ വില്ല 0- നോട്ടിംഗ്ഹാം 1

ഫ്രേയ്ബർഗ് 1- സ്പോർടിംഗ് ബ്രാഗ 2

രണ്ടാം പാദം

ആസ്റ്റൺ വില്ല 4- നോട്ടിംഗ്ഹാം 0

ഫ്രേയ്ബർഗ് 3- സ്പോർടിംഗ് ബ്രാഗ 1

ആകെ ഗോൾ മാർജിൻ

ആസ്റ്റൺ വില്ല 4- നോട്ടിംഗ്ഹാം 1

ഫ്രേയ്ബർഗ് 4- സ്പോർടിംഗ് ബ്രാഗ 3

ഫൈനൽ

മേയ് 21ന് ഇസ്താംബുളിൽ