സച്ചിന്റെ ലോക റെക്കാഡ് തിരുത്തി വിരാട് കൊഹ്ലി; ഏഷ്യാ കപ്പ് മത്സരത്തിൽ മറ്റൊരു നേട്ടത്തിനുകൂടി ഉടമയായി താരം
ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിലെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചപ്പോൾ മറ്റൊരു ചരിത്രനേട്ടത്തിനുകൂടി അഹർനായിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കൊഹ്ലി. 'ക്രിക്കറ്റിന്റെ ദൈവം' എന്ന് വിളിപ്പേരുള്ള സച്ചിൻ ടെൻഡുൽക്കർ തന്റെ പേരിനൊപ്പം സൂക്ഷിച്ചിരുന്ന റെക്കാഡാണ് കൊഹ്ലി തിരുത്തിക്കുറിച്ചിരിക്കുന്നത്. ഏകദിനക്രിക്കറ്റിൽ 13,000 റൺസ് ഏറ്റവും വേഗത്തിൽ നേടിയ താരമായിരിക്കുകയാണ് 34കാരനായ കൊഹ്ലി.
267ാമത് ഇന്നിംഗ്സിലാണ് കൊഹ്ലി പുതിയ റെക്കാഡ് സ്വന്തം പേരിലേയ്ക്ക് മാറ്റിയത്. 321 ഇന്നിംഗ്സിൽ 13,000 റൺസ് തികച്ച സച്ചിന്റെ പേരിലായിരുന്നു മുൻപ് ഈ ലോകറെക്കാഡ്. 341 ഇന്നിംഗ്സിൽ 13,000 ഏകദിന റൺസുമായി ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗാണ് മൂന്നാം സ്ഥാനത്ത്.
പാകിസ്ഥാനെതിരെ നടക്കുന്ന നിർണായക സൂപ്പർ ഫോർ മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ 356 റൺസുയർത്തിയാണ് ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിച്ചത്. സെഞ്ച്വറിയടിച്ച് വിരാടും കെ എൽ രാഹുലും പുറത്താകാതെ നിന്നു. 50 ഓവർ പിന്നിട്ടപ്പോൾ രണ്ടുപേരെ മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
അതേസമയം, 357 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പാക് ടീമിനെ മഴ തടസപ്പെടുത്തിയിരിക്കുകയാണ്. 11 ഓവറിൽ 44 റൺസാണ് പാക് ടീം നേടിയത്. രണ്ട് വിക്കറ്റ് നഷ്ടമായി. ജസ്പ്രീത് ബുംറ, ഹാർദ്ദിക് പാണ്ഡ്യ എന്നിവരുടെ ബോളിൽ ഇമാം ഉൽ ഹഖ്, പാക് നായകൻ ബാബർ അസം എന്നിവരാണ് പുറത്തായത്.