വിരാട് കൊഹ്‌ലിയുടെ 'സ്ത്രീകളോടുള്ള അഭിരുചി'യെക്കുറിച്ച് വൈറൽ പോസ്റ്റ്; കമന്റ് ചെയ്ത് മുൻ കാമുകി
സമൂഹമാദ്ധ്യമത്തിൽ ഫോട്ടോയ്‌ക്ക് ലൈക്ക് കൊടുത്ത് വീണ്ടും ചൂടൻ വാർത്തകളുടെ തലക്കെട്ടായിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരവും ബോളിവുഡ് നടി അനുഷ്‌ക ശർമ്മയുടെ ഭർത്താവുമായ വിരാട് കൊഹ്‌ലി. ജർമൻ ഇൻഫ്ളുവൻസറായ ലിസാലാസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ബോൾഡ് ചിത്രമാണ് കൊഹ്‌ലി ലൈക്ക് ചെയ്തത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിരാടിന്റെ മുൻ കാമുകി ഇസബെല്ലെ ലെയ്‌തെ.
ഒരു ഇൻസ്റ്റാഗ്രാം പേജ് പങ്കുവച്ച കുറിപ്പിലും ഇതോടൊപ്പമുള്ള ചിത്രത്തിലുമാണ് ബ്രസീലിയൻ നടിയും മോഡലുമായ ഇസബെല്ലെ പ്രതികരിച്ചത്. 'ഇസബെല്ലെ, അനുഷ്‌ക ശർമ്മ, വിരാട് നേരത്തെ ലൈക്ക് കൊടുത്ത നടി അവ്‌നീത് കൗർ, ലിസാലാസ് എന്നിവരാണ് ചിത്രത്തിലുള്ളത്. വിരാട് കൊഹ്‌ലി കളിക്കളത്തിലായാലും പുറത്തായാലും നഷ്ടമുണ്ടാക്കാറില്ല. ഇസബെല്ലെ ലെയ്‌തെ മുതൽ അനുഷ്ക ശർമ്മ വരെ. എലൈറ്റ് അഭിരുചിയാണ് ആ ബ്രാൻഡിനുള്ളത്.
മിക്ക ആളുകളുടെയും പ്ലേലിസ്റ്റുകളേക്കാൾ മികച്ച സെലക്ഷൻ ഗെയിം ആണ് അദ്ദേഹത്തിന്. ശരാശരി തിരഞ്ഞെടുപ്പുകളില്ല. ചിലർ റൺസ് പിന്തുടരുമ്പോൾ അദ്ദേഹം ഐക്കണുകൾ ശേഖരിക്കുന്നു. നിലവാരം വളരെ ഉയർന്നതാണ്. കിംഗ് കൊഹ്‌ലി സാധാരണ കാര്യങ്ങൾ ചെയ്യാറില്ല'- എന്ന കുറിപ്പിനൊപ്പമാണ് ചിത്രം നൽകിയിരിക്കുന്നത്. '12 വർഷം കഴിഞ്ഞിരിക്കുന്നു. എന്തുകൊണ്ടാണ് ആളുകൾക്ക് അത് വിട്ടുകളയാൻ പറ്റാത്തത്'- എന്നാണ് പോസ്റ്റിൽ ഇസബെല്ലയുടെ പ്രതികരണം.
വിരാടുമായി രണ്ടുവർഷത്തെ പ്രണയമുണ്ടായിരുന്നതായി 2014ലാണ് ഇസബെല്ലെ വെളിപ്പെടുത്തിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇരുവരും വേർപിരിഞ്ഞതിനുശേഷം 2017ലാണ് വിരാട് അനുഷ്‌ക ശർമ്മയെ വിവാഹം കഴിച്ചത്.