ചൈനയിലെ ഈസ്റ്റേൺ എയർലൈൻസ് ദുരന്തം: പൈലറ്റ് ബോധപൂർവ്വം വിമാനം തകർത്തു ?

Wednesday 06 May 2026 7:28 AM IST

ബീജിംഗ് : ചൈനയിൽ 2022 മാർച്ചിൽ 132 പേരുടെ ജീവനെടുത്ത വിമാനാപകടം ബോധപൂർവ്വം സൃഷ്ടിച്ചതെന്ന് റിപ്പോർട്ട്. വിമാനം ആകാശത്ത് നിന്ന് താഴേക്ക് പതിക്കുന്നതിന് തൊട്ടുമുന്നേ രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധന സ്വിച്ചുകൾ ഒരേ സമയം ഓഫാക്കിയെന്നാണ് കണ്ടെത്തൽ. ഒരു സ്വതന്ത്ര വിവരാവകാശ അപേക്ഷയുടെ ഭാഗമായി യു.എസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ( എൻ.ടി.എസ്.ബി) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധിച്ചതിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. യു.എസ് നിർമ്മിത വിമാനമായതിനാൽ ബ്ലാക്ക് ബോക്സ് പരിശോധനയ്ക്കായി വാഷിംഗ്ടണിലെ എൻ.ടി.എസ്.ബി ലബോറട്ടറിയിൽ എത്തിച്ചിരുന്നു.

അപകട കാരണം സംബന്ധിച്ച് സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഒഫ് ചൈന മൗനം തുടരവെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സ്വിച്ചുകൾ 'ഓഫ് ' പൊസിഷനിലേക്ക് പൈലറ്റ് തന്നെ നീക്കിയെന്നാണ് കണ്ടെത്തൽ. സ്വിച്ച് ഓൺ ആക്കാൻ ശ്രമം ഉണ്ടായില്ല. ഇത് അപകടം ബോധപൂർവ്വം സൃഷ്ടിച്ചതാകാമെന്ന് സൂചിപ്പിക്കുന്നു.

ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിംഗ് 737 എം.യു 5735 വിമാനമാണ് ഗ്വാംഗ്ഷി പ്രവിശ്യയിൽ വുഷൂവിലെ കുന്നിൻ പ്രദേശത്ത് തകർന്നുവീണത്. അപകടത്തിന് തൊട്ടുമുന്നേ അസാമാന്യ വേഗതയിൽ സഞ്ചരിച്ച വിമാനം പെട്ടന്ന് കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു. വിമാനത്തിന്റെ പാതയിൽ കാലാവസ്ഥാപരമായതോ മറ്റേതെങ്കിലും തരത്തിലെയോ അപകടങ്ങൾ ഉണ്ടായിരുന്നില്ല. 123 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കുൻമിംഗിൽ നിന്ന് ഗ്വാംഗ്‌ഷൂവിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ഗ്വാംഗ്ഷിയിലെ വനമേഖലയ്ക്ക് മുകളിൽവച്ച് 29,100 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച് തീപിടിക്കുകയായിരുന്നു.