എംപറർ പെൻഗ്വിനുകൾ അപകടത്തിൽ

Thursday 07 May 2026 7:44 AM IST

ന്യൂയോർക്ക് : അന്റാർട്ടിക്കയുടെ തണുത്തുറഞ്ഞ തുന്ദ്രാ മേഖലയിലും ഐസ് നിറഞ്ഞ കടലിലൂടെയും തലയെടുപ്പോടെ ചുറ്റിത്തിരിയുന്ന എംപറർ പെൻഗ്വിനുകളുടെ ജീവൻ അപകടത്തിൽ. കാലാവസ്ഥാ വ്യതിയാനം മൂലം 40 വർഷത്തിനുള്ളിൽ ഇവ വംശനാശം നേരിട്ടേക്കാമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ലോകത്തെ ഏറ്റവും വലുതും അന്റാർട്ടിക്കയിൽ മാത്രം കാണപ്പെടുന്ന രണ്ട് സ്പീഷീസുകളിൽ ഒന്നുമായ എംപറർ പെൻഗ്വിനുകൾ മുട്ടയിടുന്നത് ശൈത്യകാലത്താണ്. കുഞ്ഞ് പെൻഗ്വിനുകൾക്കുള്ള കൂടുകൾ നിർമ്മിക്കാൻ കട്ടിയേറിയ ഐസിന്റെ സാന്നിദ്ധ്യം വേണം. കടൽ ജലത്തിൽ മഞ്ഞുപാളികളുണ്ടാകാൻ വൈകിയാലോ അല്ലെങ്കിൽ അവ വേഗത്തിൽ ഉരുകിയാലോ അത് എംപറർ പെൻഗ്വിനുകളെ ബാധിക്കുന്നു. സമുദ്രജലത്തിൽപ്പെടുന്ന പെൻഗ്വിൻ കുഞ്ഞുങ്ങൾ വേഗത്തിൽ മരണപ്പെടുന്നു. നീന്താനോ തണുപ്പിനെ പ്രതിരോധിക്കാനോ അവ അപ്പോൾ പാകമാകില്ല എന്നതാണ് കാരണം. അന്റാർട്ടിക്കയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി മഞ്ഞുരുകലിലും ശൈത്യത്തിലും ഇപ്പോൾ പ്രകടമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. 1999 മുതൽ അന്റാർട്ടികയിലെ മഞ്ഞുപാളികളുടെ കനം കുറഞ്ഞുവരുന്നതായാണ് കണ്ടെത്തൽ. ടൂറിസവും മത്സ്യബന്ധനവും കൂടിയതും എംപറർ പെൻഗ്വിനുകളെ ദോഷകരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.