ഗ്യാസ് വില 993 രൂപ കൂട്ടി; ഹോട്ടൽ ഭക്ഷണ വില പൊള്ളിക്കും, വാണിജ്യ സിലിണ്ടർ വില 3000 കടന്നു

Sunday 03 May 2026 12:58 AM IST

കൊച്ചി: ആവശ്യത്തിനു സിലിണ്ടർ കിട്ടാനില്ല. അതിനൊപ്പം ഒറ്റയടിക്ക് 993 രൂപ വിലവർദ്ധനയും. വാണിജ്യ സിലിണ്ടർ വില 3,000 രൂപ കടന്നതോടെ ഹോട്ടലുകൾ കടുത്ത പ്രതിസന്ധിയിൽ. ഭക്ഷണവിലയിൽ വലിയ വർദ്ധനയാണ് ജനത്തെ കാത്തിരിക്കുന്നത്.

3,085 രൂപയാണ് കൊച്ചിയിലെ വില. തിരുവനന്തപുരത്ത് 3,106,​ കോഴിക്കോട്ട് 3,117.5 രൂപ. ജനുവരിയിലും മാർച്ചിലും ഏപ്രിലിലും വാണിജ്യസിലിണ്ടർ വില കൂട്ടിയിരുന്നു. ഇറാൻ യുദ്ധത്തെത്തുടർന്ന് ഗ്യാസ് കിട്ടാതെയുമായി. ഇതോടെ ഊണിനു 10 രൂപയും ചായയ്‌ക്കും കടികൾക്കും 2 രൂപയും കൂട്ടി. പുതിയ സാഹചര്യത്തിൽ ഭക്ഷണ സാധനങ്ങൾക്ക് 50- 60 ശതമാനം വില കൂട്ടേണ്ടിവരുമെന്ന് ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷനും ബേക്കേഴ്‌സ് അസോസിയേഷനും വ്യക്തമാക്കി.

ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, തട്ടുകടകൾ,​ കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ ഗ്യാസ് വിലവർദ്ധന ബാധിക്കും. ചെറുകി​ട ഹോട്ടലുകൾ പൂട്ടലിലേക്ക് പോകും.

ബുധനാഴ്ച ഹോട്ടൽ സമരം

ഗ്യാസ് വില വർദ്ധനയിൽ പ്രതിഷേധിച്ച് ഹോട്ടലുകളും റസ്‌റ്റോറന്റുകളും ആറിനു (ബുധൻ)​ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ അറിയിച്ചു.

സിലിണ്ടർ വില

വർദ്ധന (രൂപയിൽ) 2026 ജനുവരി 1 : 111 മാർച്ച് 1 : 28-31

മാർച്ച് 7 : 115 ഏപ്രിൽ 1 : 195.50

 മേയ് 1: 993

ഗാർഹിക പാചകവാതക വില വർദ്ധിപ്പിച്ചാൽ ജനം എതിരാകുമെന്ന് ഭയന്ന് ആ ഭാരംകൂടി ഹോട്ടൽ മേഖലയുടെ തലയിലേക്ക് വച്ചിരിക്കുകയാണ് -ജി​.ജയപാൽ, പ്രസി​ഡന്റ്,

കേരള ഹോട്ടൽ ആൻഡ്

റസ്‌റ്റോറന്റ് അസോസിയേഷൻ