പവൻ ഖേരയ്‌ക്ക് മുൻകൂർ ജാമ്യം

Sunday 03 May 2026 12:23 AM IST

ന്യൂഡൽഹി: അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ ആരോപണമുന്നയിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. റിനികി ഭുയാൻ ശർമ്മയ്‌ക്ക് മൂന്ന് വിദേശ പാസ്‌പോർട്ടുകളുണ്ടെന്നും, യു.എസ് കമ്പനിയിൽ 50,​000 കോടി നിക്ഷേപിച്ചിട്ടുണ്ടെന്നുമായിരുന്നു കോൺഗ്രസ് നേതാവിന്റെ ആരോപണം. അപകീർത്തിപ്പെടുത്തൽ,വ്യാജരേഖാ നിർമ്മാണം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അസാം പൊലീസ് കേസെടുത്തിരുന്നത്. ഹിമന്തയും പവൻ ഖേരയും തമ്മിലുള്ള വാക്പോര്‌ ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി,​ അതുൽ എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് കോൺഗ്രസ് നേതാവ് ആരോപണമുന്നയിച്ചത്. ഹിമന്ത അൺപാർലമെന്ററി വാക്കുകൾ പലവട്ടം പവൻ ഖേരയ്‌ക്കെതിരെയും തൊടുത്തു. രാഷ്ട്രീയപോരാട്ടത്തിന്റെ ഭാഗമായ വിഷയത്തിൽ കസ്റ്റ‌ഡിയിലെടുത്ത് ചോദ്യംചെയ്യേണ്ട സാഹചര്യമില്ലെന്ന് കോടതി കൂട്ടിച്ചേർത്തു.