അവകാശവാദങ്ങൾ നീർക്കുമിളകളാകുമോ

Monday 04 May 2026 1:58 AM IST

എക്സിറ്റ് പോളുകളുടെ വിശ്വാസത്തിൽ മനക്കോട്ടകെട്ടിയ പലരുടെയും അവകാശവാദങ്ങൾ നീർക്കുമിളകളാകുമോ എന്ന് ഇന്ന് വോട്ടിംഗ് യന്ത്രം തുറക്കുമ്പോൾ അറിയാമെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്. ജില്ലയിൽ ഒമ്പതു സീറ്റിൽ ഈസിവാക്കോവർ പാതി സീറ്റിൽ പോലുമില്ല. ശക്തമായ ത്രികോണമത്സരം നടക്കുന്നിടത്ത് ഭൂരിപക്ഷം നാലക്കത്തിൽ താഴെ വരെ വരാമെന്നതിനാൽ ആകാംക്ഷയുടെ മുൾമുനയിലാണ് മിക്ക സ്ഥാനാർത്ഥികളും. വോട്ടിംഗ് യന്ത്രത്തിൽ ആരുടെ ചിഹ്നത്തിന് നേരേ വിരലുകൾ അമർത്തി എന്ന് പുറത്തുള്ള ആർക്കും അറിയാൻ ഇപ്പോൾ സംവിധാനമില്ല. ബൂത്ത് ഏജന്റുമാർ നൽകുന്ന കണക്ക് വച്ചാണ് ഓരോ പാർട്ടിയും ഭൂരിപക്ഷം കണക്കു കൂട്ടുന്നത്. ആകെ വോട്ടുചെയ്തവരുടെ നാലിലൊന്നു പേരുടെ അഭിപ്രായം പോലും തേടാതെയുള്ള എക്സിറ്റ് പോൾ കണക്കെടുപ്പ് പലപ്പോഴും പൊട്ടക്കണ്ണന്റെ മാവേറ് പോലെ ആകുമെന്നതിനാലാണ് പല ഏജൻസികളുടേത് പല കണക്കാകുന്നത്. അതിൽ അത്ര വിശ്വാസം പുലർത്തിയിട്ടു കാര്യമില്ല. വോട്ടെണ്ണൽ യന്ത്രം തുറന്നു കഴിയുമ്പോൾ യഥാർത്ഥ കണക്കറിയാം. പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം ഇല്ലാതെ പോയത് പോലും ചിലപ്പോൾ പലരുടെയെും ഭൂരിപക്ഷത്തെ ബാധിച്ചാൽ വോട്ടെടുപ്പ് ഇനിയും കോടതി കയറാം.

കോട്ടയത്ത് തരംഗമെന്ന് യു.ഡി.എഫും , 2021ൽ ലഭിച്ച അഞ്ചു സീറ്റിൽ കൂടുതൽ ലഭിക്കുമെന്ന് എൽ.ഡി.എഫും അട്ടിമറി നടക്കുമെന്ന് എൻ.ഡി.എ നേതാക്കളും പറഞ്ഞത് എങ്ങനെയൊക്കെയായി തീരുമെന്ന് ഇന്ന് ഉച്ചയോടെ അറിയാം. പിന്നെ ജയിച്ചവർ ജയിച്ചതിന്റെയും തോറ്റവർ തോറ്റതിന്റെയും കാര്യകാരണ സഹിതമുള്ള കണക്കു നിരത്തലാകും. മഴ തോർന്നിട്ടും മരം പെയ്തെന്നു പറയുംപോലെ ഇത് ഒരാഴ്ച വരെ നീളാം. യു.ഡി.എഫിന് അധികാരം കിട്ടിയാൽ മന്ത്രിയാകാൻ കുപ്പായം തയ്ച്ചു നിൽക്കുന്നവർ ഏറെയാണ്. സീനിയറായ നേതാക്കൾ ഉണ്ടായിട്ടും കോട്ടയത്തുകാരെ ആരെയെങ്കിലും മുഖ്യമന്ത്രിയാക്കണമെന്ന ഒരാവശ്യം ഉയർത്തിയുള്ള ഫ്ലക്സ് ബോർഡ് വയ്ക്കാൻ ഒരു അനുയായിയും താത്പര്യം കാട്ടിയില്ല. 'ഞാനൊഴിച്ചു മറ്റാരും വേണ്ടെന്ന'റബർ മനസുള്ളവർക്ക് ' മറ്റുള്ളവർ ഉന്നത സ്ഥാനങ്ങളിലേക്ക് കയറിപ്പോകുന്നത് ഒരിക്കലും സഹിക്കാനാകില്ല. ഞണ്ടിനെപ്പോലെ എങ്ങനെയും വലിച്ചു താഴെയിടാനാണ് പലരുടെയും ജന്മനായുള്ള വാസന. അതുകൊണ്ടാകാം വി.ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന ഫ്ലക്സ് ബോർഡ് കോട്ടയത്തും ചിലർ ഉയർത്തിയത്. മന്ത്രി സ്ഥാനങ്ങളോ മറ്റു നല്ല സ്ഥാനങ്ങളോ പ്രതീക്ഷിച്ചത് ലഭിച്ചില്ലെങ്കിൽ പാര പണി തുടങ്ങും. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പത്തുവർഷമായി കാത്തുകാത്തിരിക്കുന്ന സ്ഥാനമോഹികളുടെ ആക്രാന്തം കൂടുമെന്നതിനാൽ പല പേക്കൂത്തുകളും കാണാതിരിക്കാൻ എത്ര മെഴുകുതിരി എവിടെ വേണമെങ്കിലും കത്തിക്കാമെന്ന് മുട്ടിപ്പായി പ്രാർത്ഥിക്കുകയാണ് ചുറ്റുവട്ടത്തുള്ളവർ.