ശ്രദ്ധേയമായി ലഹരിവിരുദ്ധ നാട്ടുകൂട്ടം
കരുനാഗപ്പള്ളി: കേരള യൂത്ത് പ്രൊമോഷൻ കൗൺസിലും സബർമതി ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന മാമ്പഴക്കാലം അവധിക്കാല സർഗാത്മക ക്യാമ്പിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി പരിസരത്ത് കുട്ടികൾ ഒരുക്കിയ ലഹരിവിരുദ്ധ നാട്ടുകൂട്ടം ശ്രദ്ധേയമായി. ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി നടന്ന ക്യാമ്പയിൻ കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത് മിഷ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ പതിച്ച പ്രത്യേകതരം തൊപ്പി ധരിച്ചാണ് കുട്ടികൾ നാട്ടുകൂട്ടത്തിനെത്തിയത്. ലഹരിക്കെതിരെയുള്ള ബോധവത്കരണ ലഘുലേഖകളും കുട്ടികൾ വിതരണം ചെയ്തു. ക്യാമ്പ് കോ ഓർഡിനേറ്റർ ജി. മഞ്ജുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിൽ ജില്ലാ കൺവീനർ അനിൽ കിഴക്കടത്ത് ലഹരിവിരുദ്ധ സന്ദേശം നൽകി. സബർമതി ഗ്രന്ഥശാല സെക്രട്ടറി വി.ആർ. ഹരികൃഷ്ണൻ, കൗൺസിൽ ഭാരവാഹികളായ സ്മിജിൻ ദത്ത്,ഷീബ, നയൻതാര, അഭിജിത്ത് കണ്ണൻ, ബിന്ദു വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.