ആരോഗ്യകേരളത്തിന് കരുത്തുണ്ടോ?

Tuesday 05 May 2026 12:36 AM IST

കൊവിഡാനന്തരം പൊതുജനാരോഗ്യം ക്ഷയിക്കുന്നുണ്ടോ ? ചികിത്സാ സംവിധാനങ്ങളും ചികിത്സാമാർഗങ്ങളുമെല്ലാം അനുനിമിഷം വളരുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്സ് അടക്കം ആരോഗ്യരംഗത്ത് നിർണായക കുതിപ്പ് നടത്തുന്നു. പക്ഷേ, ആരോഗ്യമേഖലയെ ആധുനികവത്ക്കരിക്കുമ്പോഴും കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങൾ പലവിധ ആരോഗ്യപ്രശ്നങ്ങളും പകർച്ചവ്യാധികളും ജീവിതശെെലീരോഗങ്ങളും ബാധിച്ച് തളരുന്നുവെന്ന യാഥാർത്ഥ്യം അതീവഗൗരവമായി തിരിച്ചറിയപ്പെടേണ്ടതുണ്ട്. കൊടുംചൂടും പ്രളയവും കേരളത്തിൻ്റെ കാലാവസ്ഥയേയും ജീവജാലങ്ങളുടെ രോഗപ്രതിരോധത്തേയും ഗുരുതരമായി ബാധിക്കുന്നുണ്ട്. ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം പെരുകുകയാണ്. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ആരോഗ്യപ്രവർത്തകർ, ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവർ എന്നിവരുൾപ്പെടുന്ന ഉയർന്ന അപകട സാദ്ധ്യതയുള്ള ഗ്രൂപ്പുകളിൽ പെടുന്നവരെ സാധാരണ പനിപോലും ഗുരുതരമായ സ്ഥിതിയിലാക്കുന്നു. ആരോഗ്യമേഖലയിൽ കേരളം മാതൃകയാണെന്ന് ആവർത്തിച്ചുപറയുമ്പോഴും കാലവർഷത്തിന് മുൻപേ തന്നെ പകർച്ചവ്യാധികൾ വ്യാപകമാകുന്നുണ്ടെന്ന് തിരിച്ചറിയണം. സാംക്രമിക രോഗങ്ങൾ തടയുന്നതിനായി പ്രവർത്തിക്കുന്ന സംവിധാനങ്ങൾ ഇനിയും കാര്യക്ഷമമാക്കേണ്ടതുണ്ട്.

പ്രതിരാേധമാണ് കരുത്ത്

രോഗാണുക്കൾ ഭൂമിയുള്ളിടത്തോളം കാലം ഉണ്ടാകുമെന്നതിൽ തർക്കമില്ല. കുറേയേറെ വൈറസുകൾ ഇനിയും വരാനിരിക്കുന്നുണ്ടാകാം. അവ ഏതെല്ലാം, തീവ്രത എങ്ങനെ, എത്രത്തോളം വ്യാപനശേഷിയുണ്ടാകും തുടങ്ങിയ ചോദ്യങ്ങൾക്ക് ആർക്ക് ഉത്തരം നൽകാനാകും? അതിനാൽ തന്നെ കൊവിഡ് വൈറസിനെതിരായ യുദ്ധത്തിൽനിന്ന് നമ്മൾ പഠിച്ച പാഠങ്ങൾ വീണ്ടും ആയുധമാക്കുക എന്നതാണ് പ്രധാനം. അതിലുപരിയായി, പ്രകൃതിയോടിണങ്ങി ജീവിതം ക്രമപ്പെടുത്തുകയും വേണം. തെറ്റായ ഭക്ഷണരീതിയും ജീവിതശൈലിയും കൊണ്ടാണ് മിക്കവാറും രോഗങ്ങൾ വരുന്നതെന്നും പ്രതിരോധശേഷി കുറയുന്നതെന്നും ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പുകൾ നാം കേൾക്കുന്നുണ്ടെങ്കിലും പലരും ഗൗരവത്തോടെ ഉൾക്കൊള്ളുന്നുണ്ടോ എന്ന് സംശയമാണ്. കേന്ദ്ര, സംസ്ഥാനസർക്കാരുകൾ രോഗപ്രതിരാേധ നടപടികൾ തുടരുന്നുണ്ടെങ്കിലും അത് കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ട്. ജീവിതശെെലി ക്രമപ്പെടുത്തി പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. മാലിന്യനിർമ്മാർജ്ജനത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും പകർച്ചവ്യാധികൾ തടയാനുള്ള പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പൂർണ സഹകരണമുണ്ടാകണമെന്നതും പ്രധാനമാണ്. തദ്ദേശസ്ഥാപനങ്ങൾക്ക് അക്കാര്യത്തിൽ നിർണായക പങ്കുണ്ട്.

ശക്തി പകരാൻ കായിക പ്രവർത്തനങ്ങൾ

ജിംനേഷ്യങ്ങളിലും മറ്റും ഈയിടെ തിരക്കേറിയിട്ടുണ്ട്. കായികപ്രവർത്തനങ്ങൾ ശരീരത്തിന് വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. നമ്മുടെ കായിക ഇനങ്ങളിലും ചില പരിഷ്കാരങ്ങൾ വേണമെന്ന് ചൂണ്ടിക്കാട്ടുന്നതാണ് കാൽമുട്ടിൽ സ്റ്റീൽ പ്ലേറ്റുമായി 55-ാം വയസിൽ അമേരിക്കയിൽ അയേൺമാനായി മാറിയ സജിത്ത് തോപ്പിൽ പ്രകാശൻ്റെ

ജീവിതപാഠം. അമേരിക്കയിലെ ടെക്‌സാസിൽ നടന്ന 226 കിലോമീറ്ററോളം ദൈർഘ്യമുള്ള ട്രയാത്ത്‌ലോൺ മത്സരത്തിലൂടെയാണ് കൊടുങ്ങല്ലൂർ ശ്രീനാരായണപുരം സ്വദേശി അയൺമാനായത്. ആ മത്സരത്തിൽ അദ്ദേഹം സൈക്കിൾ ചവിട്ടിയത് 180 കിലോമീറ്റർ. ഓടിയത് 42.2 കി.മീ, നീന്തിയത് 3.8 കി.മീറ്ററും. 17 മണിക്കൂറായിരുന്നു അനുവദിച്ച സമയം. എന്നാൽ,13 മണിക്കൂർ 53 മിനിറ്റ് 49 സെക്കൻഡിൽ മൂന്നുമത്സരവും പൂർത്തിയാക്കി. നീന്തൽ 1 മണിക്കൂർ 53 മിനിട്ട് 55 സെക്കൻഡ്, സൈക്കിൾ 7 മണിക്കൂർ 8 മിനിറ്റ് 7 സെക്കൻഡ്, മാരത്തൺ 4 മണിക്കൂർ 30 മിനിറ്റ് 30 സെക്കൻഡിലുമാണ് പൂർത്തികരിച്ചത്. ശാരീരിക ക്ഷമത പരീക്ഷിക്കുന്ന ലോകത്തെ കഠിനമായ കായിക മത്സരമാണിത്. ഏതാനും വർഷം മുൻപാണ് മുട്ടിൽ ശസ്ത്രക്രിയ നടന്നത്. തുടർന്ന് നിരന്തര പരിശീലനത്തിലൂടെ ഇതെല്ലാം ചെയ്യാൻ സാധിച്ചെന്ന് സജിത്ത് പറയുന്നു.

55 മുതൽ 59 വയസ് വരെ പ്രായമുള്ള 126 പേരിൽ 89 സ്ഥാനവും ആകെയുള്ള 2,177 പേരിൽ 1,679 -ാം സ്ഥാനവും സജിത്ത് നേടി. കഴിഞ്ഞവർഷം കാനഡയിലെ കാൽഗിരിയിൽ നടന്ന മത്സരത്തിലും സജിത്ത് അയൺമാൻ യോഗ്യത നേടി. മാരത്തൺ അടക്കമുള്ള ദീർഘദൂര കായിക മത്സരങ്ങൾ ഇന്ത്യയിലും വിദേശത്തും പൂർത്തിയാക്കിയ സജിത്ത് അടുത്ത ബോസ്റ്റൺ മാരത്തണിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കലിൽ ബിരുദം നേടി. മദ്ധ്യപ്രദേശ്,ഗുജറാത്ത് എന്നിവിടങ്ങളിൽ ജോലി ചെയ്തു. തുടർന്ന്, കാനഡയിലെ ഓയിൽ റിഫൈനറി മേഖലയിൽ ജോലിയിൽ പ്രവേശിച്ച സജിത്ത് 19 വർഷമായി അവിടെയാണ് സ്ഥിരതാമസം. കേരളത്തിലും ഇതുപോലെ മൾട്ടി ആക്ടിവിറ്റി സ്‌പോർട്‌സിനായുള്ള ബോധവത്കരണം വേണമെന്നാണ് സജിത്ത് തോപ്പിൽ പറയുന്നത്. കാൽമുട്ടിന്റെ ഓപ്പറേഷൻ കഴിഞ്ഞും കായികഇനങ്ങളിൽ പങ്കെടുക്കാനാകുമെന്നും ഈ നേട്ടം അടിവരയിടുന്നു.