കാപ്പ കാലയളവിൽ മോഷണം: യുവാവിനെതിരെ കേസ്
കൊച്ചി: നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെത്തുടർന്ന് കാപ്പ ചുമത്തപ്പെട്ട് നിരീക്ഷണത്തിലിരിക്കുമ്പോൾ മോഷണം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം ടി.ഡി റോഡ് പടിപുരയ്ക്കൽവീട്ടിൽ രാജഗോപാൽ പ്രഭുവിനെതിരെയാണ് (20) എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്.
നിരവധി മോഷണക്കേസുകളിലും അടിപിടി കേസുകളിലും പ്രതിയായതിനെ തുടർന്ന് 2025 നവംബർ 14നാണ് കാപ്പചുമത്തിയത്. ഗുണ്ടകളുടെയും റൗഡികളുടെയും നീക്കങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന കാപ്പനിയമത്തിലെ വകുപ്പ് പ്രകാരമായിരുന്നു നടപടി.
ഒരു വർഷക്കാലത്തേക്ക് ശനിയാഴ്ചകളിൽ രാവിലെ 11ന് എറണാകുളം സെൻട്രൽ അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിൽ ഹാജരായി ഒപ്പിടണമെന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നുമാണ് വ്യവസ്ഥ. ഇക്കാലയളവിൽ പ്രതി എവിടെയൊക്കെ പോകുന്നു എന്നതടക്കം വിവരങ്ങൾ പൊലീസിനെ ധരിപ്പിക്കണമെന്നും വകുപ്പ് വ്യവസ്ഥചെയ്യുന്നു.
ഇതിനിടെയാണ് ഏപ്രിൽ 2ന് എറണാകുളം മാർക്കറ്റ് റോഡിൽ പ്രതി മോഷണംനടത്തിയത്. മാർക്കറ്റ് റോഡിൽക്കിടന്ന ഓട്ടോയുടെ ഡാഷ്ബോർഡിൽനിന്ന് 50000രൂപ കവർന്നു. ഓട്ടോഡ്രൈവർ മാർക്കറ്റിലെ കടയിൽപ്പോയ തക്കംനോക്കിയായിരുന്നു മോഷണം. കേസിൽ രാജഗോപാലിനെ കഴിഞ്ഞയാഴ്ച സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തു. നിലവിൽ റിമാൻഡിലാണ്. കാപ്പ ലംഘിച്ചതിന് 3 കൊല്ലംവരെ തടവ് കിട്ടുന്ന വകുപ്പാണ് ചുമത്തിയത്.