സംവരണ മണ്ഡലങ്ങളിൽ ബി.ജെ.പി കുതിപ്പ്, ആശങ്കയോടെ മുന്നണികൾ

Thursday 07 May 2026 12:23 AM IST

തൃശൂർ: തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടായെങ്കിലും സംവരണമണ്ഡലങ്ങളായ ചേലക്കരയിലും നാട്ടികയിലും വോട്ടുവർദ്ധനവ് മറ്റു മുന്നണികളിൽ ചർച്ചയാകുന്നു. എൽ. ഡി.എഫിന്റെ ഉറച്ച മണ്ഡലങ്ങളിലാണ് ബി.ജെ.പി വലിയ തോതിൽ വോട്ട് വർദ്ധിപ്പിച്ചത്. ഇടതിന് വലിയ പിന്തുണ ലഭിച്ചിരുന്ന ഉന്നതികളിൽ ബി.ജെ.പി കടന്നു കയറി എന്നതിന്റെ തെളിവാണ് ഇതെന്നും പറയുന്നു. എൽ.ഡി.എഫിന്റെ സിറ്റിംഗ് എം.എൽ.എയായിരുന്ന സി.സി.മുകുന്ദൻ രാജിവെച്ച് എൻ.ഡി.എ ടിക്കറ്റിലാണ് മത്സരിച്ചത്. വിജയിക്കുമെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും ഇവിടെ മൂന്നാം സ്ഥാനത്തായി.എങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 33,716 വോട്ട് ലഭിച്ചിടത്ത് ഇത്തവണ 45,216 വോട്ടാക്കി ഉയർത്താനായി. അതേസമയം ഇവിടെ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം 28,341ൽ നിന്ന് 7093 ലേക്ക് കൂപ്പുകുത്തുകയും ചെയ്തു. സി.പി.ഐയിലെ ഗീതാ ഗോപിയാണ് ജയിച്ചത്. ചേലക്കരയിൽ 2024ലെ ഉപതിരഞ്ഞെടുപ്പിൽ 33,609 വോട്ടായിരുന്നത് ഇത്തവണ 37,286 ആയി ഉയർത്താൻ കെ.ബാലകൃഷ്ണനായി. ഉപതിരഞ്ഞെടുപ്പിലും ബാലകൃഷ്ണനായിരുന്നു സ്ഥാനാർത്ഥി. 2021ലെ തിരഞ്ഞെടുപ്പിൽ 24,405 വോട്ടാണ് ലഭിച്ചത്. ബി.ജെ.പി വലിയ പ്രതിക്ഷവച്ച മണ്ഡലങ്ങളിലേക്കാൾ മികച്ച പ്രകടനം ഇവിടെ കാഴ്ച വെക്കാൻ സാധിച്ചെന്നാണ് വിലയിരുത്തൽ.

അപ്രതീക്ഷിത തിരിച്ചടി

ത്രികോണ മത്സരം പ്രതീക്ഷിച്ച തൃശൂരിൽ പത്മജ വേണഗോപാൽ മൂന്നാമതെത്തിയത് പാർട്ടിക്ക് അപ്രതീക്ഷിത തിരിച്ചടിയായി. 28,662 വോട്ടാണ് പത്മജയ്ക്ക് ലഭിച്ചത്. സുരേഷ് ഗോപി 40,457 വോട്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയത്.കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ നാട്ടിക, ചേലക്കര എന്നിവയ്ക്ക് പുറമേ വടക്കാഞ്ചേരി, കയ്പ്പമംഗലം, മണലൂർ എന്നിവിടങ്ങളിൽ മാത്രമാണ് എൻ.ഡി.എയ്ക്ക് വോട്ടുവർദ്ധനവുണ്ടായത്. കയ്പമംഗലത്ത് ബി.ഡി.ജെ.എസാണ് മത്സരിച്ചത്. ഗുരുവായൂരിൽ കഴിഞ്ഞതവണ ബി.ജെ.പിക്ക് സഥാനാർത്ഥി ഉണ്ടായിരുന്നില്ല. അവിടെ അഡ്വ.ബി.ഗോപാലകൃഷ്ണൻ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു.