ആർട്ട് ഒഫ് ലിവിംഗ് 45-ാം വാർഷികാഘോഷം: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ബംഗളൂരു: ആർട്ട് ഒഫ് ലിവിംഗിന്റെ 45-ാം വാർഷികാഘോഷവും ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം ജന്മദിനത്തിന്റെ ഭാഗമായി നടക്കുന്ന ആഗോള സമ്മേളനവും 10ന് ബംഗളൂരു ആർട്ട് ഒഫ് ലിവിംഗ് ഇന്റർനാഷണൽ സെന്ററിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 182 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ചടങ്ങിൽ പുതിയ ധ്യാനമന്ദിരത്തിന്റെയും മാനസികാരോഗ്യം, ഗ്രാമീണ വികസനം, പ്രകൃതി സംരക്ഷണം, സാമൂഹിക പരിവർത്തനം എന്നിവ ലക്ഷ്യമിട്ടുള്ള വിവിധ ദേശീയ സേവന പദ്ധതികളുടെ ഉദ്‌ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
ലോകമെമ്പാടുമുള്ള ഭരണാധികാരികൾ, ഉദ്യോഗസ്ഥർ, കർഷകർ, വിദ്യാർത്ഥികൾ, വ്യവസായ പ്രമുഖർ എന്നിങ്ങനെ വിവിധ തുറകളിലുള്ളവർ ഒത്തുചേരുന്ന സമ്മേളനം ആർട്ട് ഒഫ് ലിവിംഗിന്റെ ആഗോള സ്വാധീനത്തെയും ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തെയും അടയാളപ്പെടുത്തുന്ന വേദിയായി മാറും. 13ന് ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിൽ ലോകസമാധാനത്തിനായി ആഗോള ധ്യാനവും സംഘടിപ്പിക്കും.
ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഭരണ നിർവഹണം, ബിസിനസ്, മാദ്ധ്യമ പ്രവർത്തനം, വിദ്യാഭ്യാസം, കല, സംസ്കാരം തുടങ്ങി വിവിധ മേഖലകളിലെ ധാർമ്മികതയെക്കുറിച്ച് ആഗോള നേതൃത്വ ഉച്ചകോടികളും 182 രാജ്യങ്ങളിലെ വൈവിദ്ധ്യമാർന്ന കലകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സാംസ്കാരിക ഉത്സവങ്ങളും നടക്കും. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ബിംസ്റ്റെക് (BIMSTEC) രാജ്യങ്ങളിൽ നിന്നുള്ള യുവനേതാക്കൾക്കായി നേതൃത്വ പരിശീലന പരിപാടിയും വിവിധ സർക്കാർ ഏജൻസികളുമായുള്ള ധാരണാപത്രങ്ങൾ ഒപ്പിടലും ഈ കാലയളവിൽ നടക്കും.