അമ്പരപ്പിച്ച ആലിംഗനങ്ങളും അറിയാതെ പോയ ആത്മാർത്ഥതയും

Saturday 09 May 2026 12:23 AM IST

ചങ്കെടുത്തു കാട്ടിയാലും ചെമ്പരത്തി പൂവ് എന്നു പറയുന്ന ഹൃദയമില്ലാത്തവരുടെ ലോകമാണല്ലോ ഇത്. മനസിന്റെ ഒരു നന്മ, ഒരു സ്നേഹപ്രകടനം, ഒരു വാത്സല്യം, ഒരു അനുമോദനം... ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ ഒരാളിനെ ആലിംഗനം ചെയ്താൽ അത് പോലും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന കാലം. അങ്ങനെ ചെയ്യുന്നവരെ അവഹേളിക്കുകയും താറടിക്കുകയും ഇപ്പോഴത്തെ ശൈലിയിൽ പറഞ്ഞാൽ വലിച്ചുകീറി ഒട്ടിക്കുകയും ചെയ്യുന്നത് സമൂഹത്തിന് ഒരു രസവുമാണ്.

നിയമസഭയിലേക്ക് തിളക്കമാർന്ന വിജയം നേടി, കോൺഗ്രസിന്റെ 'അഭിനവ കാരണഭൂതനെ' കണ്ടെത്താനുള്ള ചീട്ടെടുപ്പ് വിദ്യ നടന്ന കെ.പി.സി.സി ആസ്ഥാനത്ത് കേരള ദേശീയവേദിയുടെ സാരഥിയും നിർദ്ദോഷിയും നിരുപദ്രവിയും സർവ്വോപരി നിസ്വാർത്ഥനുമായ ചെറിയാൻ ഫിലിപ്പ് നടത്തിയ ഒരു വാത്സല്യപ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ ചാകര.

ഗഡാഗഡിയരായ 63 കോൺഗ്രസ് എം.എൽ.എ മാരുടെ മനസിലിരിപ്പ് (കൈയ്യിലിരിപ്പല്ല) അറിയാനുള്ള സൂത്രപ്പണി ഇന്ദിരാഭവനിൽ നടക്കുന്നു. ഡൽഹിയിൽ നിന്നു വന്ന രണ്ട് വമ്പന്മാരാണ് സംഘാടകർ. ചിരിച്ചും കളിച്ചും അമ്പരന്നും പല രസങ്ങൾ പ്രകടമാക്കി എം.എൽ.എ മാർ ഇന്ദിരാഭവനിലേക്ക് പ്രവേശിക്കുന്നു. പക്വമതികളായ മൂവർ സംഘത്തെ, പാലോട് രവി, എം.എ. വാഹിദ്, ചെറിയാൻ ഫിലിപ്പ് എന്നിവർക്കാണ് സ്വാഗതസംഘം ചുമതല. പാലോടും വാഹീദുമൊക്കെ അല്പം മസിലുപിടിച്ചാണ് നില്പ്. സ്വതവേ ഉള്ള ഊർജ്ജസ്വലത കാരണമാവും കുരുക്ഷേത്ര ഭൂമിയിലെ ഭീമന്റെ അവസ്ഥയിലാണ് ചെറിയാൻ ഫിലിപ്പിന്റെ നില. കളംകളമുള്ള ഷർട്ടിൽ അങ്ങനെ വിരിഞ്ഞു നിൽക്കുകയാണ്.

കോഴിക്കോട് ഡി.സി.സി ഓഫീസ് മന്ദിര ഉദ്ഘാടന വേദിയിലെ വിശ്വപ്രസിദ്ധമായ നേതാക്കളുടെ ചവിട്ടു നാടകത്തിന് ശേഷം പൊതുചടങ്ങുകളിൽ നേതാക്കൾക്ക് കെ.പി.സി.സി പെരുമാറ്റ ചട്ടം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ, ഇവിടെയും എം.എൽ.എമാരെ സ്വീകരിക്കാൻ കൃത്യമായ സ്ക്രിപ്റ്റുണ്ട്. എം.എൽ.എ വന്നുകഴിഞ്ഞാൽ ചെവി മുതൽ ചെവി വരെ നീളുന്ന വിധത്തിൽ ഹൃദ്യമായി ചിരിക്കണം, അതിന് ശേഷം ഹസ്തദാനമാവാം. തൊട്ടു പിന്നാലെ ആലിംഗനവുമാവാം. ആലിംഗനത്തിന് ഗ്രൂപ്പ് വ്യത്യാസമോ, ലിംഗ വ്യത്യാസമോ, സീനിയോറിറ്റിയോ പരിഗണിക്കരുതെന്നുമുണ്ട് സ്ക്രിപ്റ്റിൽ. മുൻ മന്ത്രി ജി. സുധാകരൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തലകീഴായാണ് വായിച്ചതെന്ന് എ. വിജയരാഘവൻ പറഞ്ഞപോലെ,​ ചെറിയാൻ ഫിലിപ്പ് ശരിയായി സ്ക്രിപ്റ്റ് വായിക്കാഞ്ഞോ എന്തോ, ആക്ഷനുകൾ അല്പം അധികമായിപ്പോയോ എന്നൊരു സന്ദേഹം. ചെറിയാന്റെ നന്മമനസ് അറിവുള്ളതിനാൽ ഇതിലൊന്നും ആർക്കും ഒരു അപാകത ഫീൽ ചെയ്തുമില്ല. അങ്ങനെ കലാപരിപാടികൾ പുരോഗമിക്കുന്നതിനിടെ അതാ വരുന്നു തലസ്ഥാന ജില്ലയ്ക്ക് പുറത്തു നിന്നുള്ള നിയുക്ത വനിതാ സാമാജിക. തൊഴുതും ഹസ്തദാനം ചെയ്തും പാലോടും വാഹീദും തങ്ങളുടെ അനുമോദനം പ്രകടമാക്കി സ്വീകരിച്ചു. അടുത്തതായിരുന്നു ആലിംഗന ഷോട്ട്.

വ്യവസ്ഥാപിതമായ രീതിയിൽ ചെറിയാച്ചൻ കരം ഗ്രഹിച്ച്, സന്തോഷം പ്രകടിപ്പിച്ചു, ബഹുമാനം കൂടിയതിനാലോ എന്തോ ഇടയ്ക്ക് ഒന്നു നമ്രശിരസ്കനാവുകയും ചെയ്തു. പക്ഷെ അദ്ദേഹത്തിന്റെ വാത്സല്യം ശരിയായി ബോദ്ധ്യപ്പെടാഞ്ഞിട്ടോ, ആ ഹൃദയവിശാലത മനസിലാവാഞ്ഞിട്ടോ എന്തോ സാമാജിക ഒഴിഞ്ഞു മാറിപ്പോകുന്ന സീനുകളാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്. ഇന്ദിരാഭവനിലേക്ക് കയറിപ്പോകുമ്പോൾ കഷായം കുടിച്ച മുഖഭാവമായിരുന്നോ അവർക്കെന്നൊരു സംശയം. തൊട്ടപ്പുറമുള്ള മറ്റൊരു ജില്ലയിലെ വനിതാ സാമാജികയുടേതായിരുന്നു അടുത്ത ഊഴം. ആദ്യ അനുമോദനത്തിലെ ചുവട് പിഴവുകൾ ഒഴിവാക്കി ഇക്കുറി ചെറിയാൻ തന്റെ പെർഫോമൻസ് മികച്ചതാക്കാൻ നല്ലപോലെ ശ്രമിച്ചു. ഒരു പരിധിവരെ അദ്ദേഹം അതിൽ വിജയം കണ്ടെങ്കിലും ചാണകത്തിൽ ചവുട്ടിയ മുഖഭാവത്തോടെ അവരും നേതാവിന്റെ വാത്സല്യം നിരാകരിച്ചു.

ഈ ഉദ്യമങ്ങളുടെ ആത്മാർത്ഥത മനസിലാവാത്ത പലരും ഇതിനിടെ കുത്തിത്തിരിപ്പുണ്ടാക്കി. ഇതിന്റെയെല്ലാം ദൃശ്യങ്ങൾ എത്തിക്കാവുന്ന ഇടങ്ങളിലെല്ലാം എത്തിച്ചു. അതോടെ നിരീക്ഷകരുടെ ചീട്ടെടുപ്പ് വിദ്യയല്ല, മറിച്ച് ചെറിയാച്ചന്റെ സത്യസന്ധമായ പ്രകടനങ്ങളാണ്, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ എന്ന പേരിൽ പ്രചരിപ്പിച്ചത്. നിയമപരമായി നിഗ്രഹിക്കണമെന്ന മട്ടിലാണ് മറ്റുചില സദാചാര കുലീനവാദികൾ രംഗത്തെത്തിയത്. ധൃതരാഷ്ട്രാലിംഗനം എന്ന പോലെ 'ചെറിയാച്ചാലിംഗന'മെന്ന ഒരു പ്രയോഗം കോൺഗ്രസിനും സമൂഹ മാദ്ധ്യമങ്ങൾക്കും അദ്ദേഹം സംഭാവന ചെയ്തത് പലരും മറന്നു.

ഏതെല്ലാം വിദേശ രാജ്യങ്ങളിൽ ഇതേപോലെ സെലിബ്രിറ്റികൾ ഒത്തു കൂടുന്ന വേളകളിൽ ആലിംഗനം ചെയ്ത് സ്നേഹ വാത്സല്യങ്ങൾ പ്രകടിപ്പിക്കാറുണ്ട്. നമ്മുടെ നാട്ടുകാരും അവിടെയെത്തുമ്പോൾ ഇത്തരം മനോഹരമായ ആചാരങ്ങളിൽ പങ്കാളികളുമാവാറുണ്ട്. അതിനൊന്നും ആർക്കും ഒരു കുഴപ്പവുമില്ല, അവിടങ്ങളിലെ ആചാരങ്ങൾ പകർത്താം, അവിടങ്ങളിലെ വസ്ത്രധാരണം പകർത്താം, അവിടങ്ങളിലെ പരിഷ്കാരങ്ങൾ പകർത്താം. ആർക്കും ഒരു പരാതിയുമില്ല. വിജയാഹ്ളാദത്തിന്റെ പേരിലുള്ള ഒരു ആലിംഗനത്തെയാണ് ദുർവ്യാഖ്യാനം ചെയ്ത് പ്രചരിപ്പിച്ച്, അതിന്റെ പേരിൽ ഒരു സാധുമനുഷ്യനെ ക്രൂശിക്കുന്നത്. ജീവിതം തന്നെ പൊതു പ്രവർത്തനത്തിന് വേണ്ടി ഉഴിഞ്ഞു വച്ച്, കോൺഗ്രസിലും കമ്മ്യൂണിസ്റ്റു പാർട്ടിയിലുമായി ജനസേവനം നടത്തിക്കൊണ്ടിരിക്കുന്ന ചെറിയാൻ, മുൻകാലത്ത് അനുഭവിച്ച ത്യാഗങ്ങളെക്കുറിച്ച് ആരെങ്കിലും ഓർക്കുന്നുണ്ടോ. അനുഭവിച്ച ശാരീരിക പീഡനങ്ങൾ ആരെങ്കിലും അയവിറക്കുന്നുണ്ടോ. 'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം' എന്നതാണല്ലോ നമ്മുടെ സമൂഹത്തിന്റെ രീതി.

ഇതുകൂടി കേൾക്കണേ

ചെറിയാൻ ഫിലിപ്പ് കറതീർന്ന ഒരു സാത്വികനാണ്. അദ്ദേഹത്തിന് ഒരുവിധ ദുഷ്ടബുദ്ധിയുമില്ല. അങ്ങനെ ആരെങ്കിലും സംശയിച്ചു പോയാൽ എന്തു ചെയ്യാനാവും. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.