സെൻട്രൽ സ്റ്രേഷനിലെ എസ്കലേറ്റർ അപകടം
തലസ്ഥാനത്ത് തമ്പാനൂരിൽ, സെൻട്രൽ റെയിൽവേ സ്റ്രേഷനിലെ എസ്കലേറ്ററുകളിലൊന്ന് കഴിഞ്ഞ ദിവസം നിറയെ യാത്രക്കാരുമായി പിന്നിലേക്ക് തിരിച്ചുകറങ്ങിയുണ്ടായ അപകടം രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റതിൽ തീർന്നത് ഭാഗ്യംകൊണ്ടെന്നേ കരുതാനാകൂ. വലിയൊരു അപകടത്തിന് വഴിയൊരുക്കുമായിരുന്ന സാഹചര്യമാണ് യാത്രക്കാരുടെ ആയുർദൈർഘ്യംകൊണ്ട് ഒഴിഞ്ഞുപോയത്. എസ്കലേറ്ററിന് താങ്ങാവുന്നതിലും അധികം യാത്രക്കാർ ഒരേസമയം കയറിയതാണ് സാങ്കേതിക തകരാറിനു കാരണമെന്നും, ഇത്തരം തകരാറുകൾ പതിവാണെന്നും വിശദീകരിക്കുന്ന റെയിൽവേ അധികൃതരുടെ സമീപനം നിരുത്തരവാദപരമാണെന്ന് പറയാതെ വയ്യ. ഓരോ യാത്രക്കാരനും ശുഭയാത്ര ആശംസിക്കുന്ന റെയിൽവേയ്ക്ക്, അവരുടെ സുരക്ഷയുടെ കാര്യത്തിലുണ്ടാകേണ്ട ജാഗ്രതയുടെ ചെറിയൊരു അംശം പോലും എസ്കലേറ്റർ അപകടത്തിന്റെ കാര്യത്തിൽ ഉണ്ടായില്ലെന്നത് നിർഭാഗ്യകരം മാത്രമല്ല, ഗൗരവപൂർവം കാണേണ്ടതു കൂടിയാണ്.
ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തുമണിയോടെ വഞ്ചിനാട്, ഇന്റർസിറ്റി എക്സ്‌പ്രസ് ട്രെയിനുകളിൽ നിന്ന് ഇറങ്ങിയ യാത്രക്കാർ പ്ളാറ്റ്ഫോമിൽ നിന്ന് പുറത്തുകടക്കാൻ കൂട്ടത്തോടെ എസ്കലേറ്ററിനെ ആശ്രയിച്ചതാണ് യന്ത്രത്തിന്റെ സാങ്കേതിക തകരാറിന് വഴിവച്ചത്. സെൻട്രൽ റെയിൽവേ സ്റ്രേഷനിൽ ആകെയുള്ള ആറ് എസ്‌കലേറ്ററുകളിൽ, നാല്- അഞ്ച് പ്ളാറ്റ്ഫോമുകളുടെ മദ്ധ്യഭാഗത്തുള്ള എസ്കലേറ്ററാണ് യാത്രക്കാരുടെ ഭാരം താങ്ങാനാവാതെ പിന്നോട്ടു കറങ്ങിയത്. അപ്രതീക്ഷിതമായി തിരിച്ചുകറങ്ങിയ എസ്‌കലേറ്ററിൽ നിന്ന് പലരും മറിഞ്ഞുവീഴുകയായിരുന്നു. എസ്‌കലേറ്ററിന് വേഗം കുറവായിരുന്നതുകൊണ്ടും, പരിഭ്രാന്തരായ യാത്രക്കാർ തിക്കും തിരക്കും കൂട്ടാതിരുന്നതുകൊണ്ടും മാത്രമാണ് ആർക്കും ജീവാപായം സംഭവിക്കാതിരുന്നത്. യന്ത്രത്തിന്റെ ബ്രേക്ക് ബെൽറ്റ് വഴുതിപ്പോവുകയും, നിയന്ത്രണം നഷ്ടമായ എസ്കലേറ്റർ ഗുരുത്വാകർഷണംകൊണ്ട് താഴേക്ക് നീങ്ങുകയും ചെയ്യുകയായിരുന്നു എന്നാണ് റെയിൽവേയുടെ വിശദീകരണം.
സെൻട്രൽ സ്റ്രേഷനിൽ രാവിലെ പത്തുമണിയോടെ എത്തുന്ന ട്രെയിനുകളിൽ ഭൂരിഭാഗവും സർക്കാർ ഉദ്യോഗസ്ഥരായിരിക്കും. ട്രെയിൻ വന്നുനിൽക്കുന്ന പ്ളാറ്റ്ഫോമുകളിൽ നിന്ന് ഫുട് ഓവർബ്രിഡ്ജ് വഴി ഒന്നാം പ്ളാറ്റ്ഫോമിലിറങ്ങി പുറത്തു കടക്കാൻ ആ സമയത്ത് സ്വാഭാവികമായും യാത്രക്കാർ കൂട്ടത്തോടെ എസ്കലേറ്ററുകളിൽ കയറും. എസ്കലേറ്ററുകളിൽ ഒരേസമയം നിശ്ചിത എണ്ണത്തിലധികം ആളുകൾ കയറുന്നത് നിയന്ത്രിക്കാനോ, അതേക്കുറിച്ച് മുന്നറിയിപ്പ് നല്കാനോ സംവിധാനം ഏർപ്പെടുത്താതിരുന്ന റെയിൽവേ അധികൃതർ, കുറ്രം യാത്രക്കാർക്കും യന്ത്രത്തിനും മേൽ ചുമത്തുന്നതുപോലുള്ള പ്രതികരണം നടത്തിയത് അനുചിതമാണ്. സ്റ്രേഷനിൽ നിർമ്മാണപ്രവൃത്തികൾ നടക്കുന്നതുകൊണ്ട് പുറത്തേക്കുള്ള കവാടങ്ങൾ പലതും അടച്ചിരിക്കുകയാണ്. 'എക്സിറ്റ് വേ'കൾ കുറവാകുന്ന സാഹചര്യത്തിലെ കൂട്ടത്തിരക്ക് മുന്നിൽക്കാണാനും, മുൻകരുതലുകൾ സ്വീകരിക്കാനും തയ്യാറാകാതിരുന്നതാണ് റെയിൽവേയുടെ ഭാഗത്തുണ്ടായ പ്രധാന വീഴ്ച.
അപകടത്തെ തുടർന്നുള്ള നടപടികളുടെ ഭാഗമായി, എസ്കലേറ്ററിന്റെ നിർമ്മാതാക്കളും അറ്റകുറ്റപ്പണികൾക്ക് കരാറെടുത്തിട്ടുള്ളവരുമായ ജോൺസൺ കമ്പനിയോട് റെയിൽവേ സാങ്കേതിക റിപ്പോർട്ട് തേടിയിരിക്കുകയാണ്. അന്വേഷണത്തിന് സേഫ്ടി എൻജിനിയറോട് നിർദ്ദേശിച്ചിട്ടുമുണ്ട്. ഏത് അപകടമുണ്ടായാലും ഇത്തരം അന്വേഷണങ്ങളും സാങ്കേതിക പരിശോധനകളും ശുപാർശകളുമൊക്കെ കുറേ കണ്ടതാണ്. ഒടുവിൽ, കാരണക്കാരില്ലാതെയും മുൻകരുതലിന് ഭാവിനടപടികളില്ലാതെയും എല്ലാം ഒടുങ്ങുകയും ചെയ്യും. രാജ്യത്ത്, യാത്രാചാർജ് ഇനത്തിൽ റെയിൽവേയ്ക്ക് ഏറ്റവും വരുമാനം ലഭിക്കുന്നത് കേരളത്തിൽ നിന്നാണ്. എന്നാൽ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നല്കുന്ന പരിഗണനയുടെ തോതു കൂടി റെയിൽവേ അധികൃതർ പരിശോധിക്കണം. അതിനു സ്വീകരിക്കുന്ന നടപടികൾ യാത്രക്കാർക്ക് ബോദ്ധ്യപ്പെടണം. പ്ളാറ്റ്ഫോമുകളിൽ സുരക്ഷിതത്വ ബോധത്തോടെ നടക്കാനും, ട്രെയിനുകളിൽ അപായഭീതി കൂടാതെ യാത്രചെയ്യാനും കഴിയണം. എങ്കിലേ യാത്ര ശുഭകരമാകൂ.